Top

'നിന്റെ പേര് മുഹമ്മദ് എന്നാണോ?'; മര്‍ദ്ദനമേറ്റ വൃദ്ധന്‍ മരിച്ചു, ബിജെപി നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്, പ്രതിഷേധവുമായി കോണ്‍ഗ്രസ്

മർദ്ദനത്തിൽ പരിഭ്രാന്തനായി കാണപ്പെട്ട വൃദ്ധൻ മടിക്കെട്ടിലെ പണം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പ്രകോപിതനായ അക്രമി ബൻവർലാലിന്റെ തലയിലും ചെവിയിലുമായി നിർത്താതെ അടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്

21 May 2022 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിന്റെ പേര് മുഹമ്മദ് എന്നാണോ?; മര്‍ദ്ദനമേറ്റ വൃദ്ധന്‍ മരിച്ചു, ബിജെപി നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്, പ്രതിഷേധവുമായി കോണ്‍ഗ്രസ്
X

ഭോപാൽ: മധ്യപ്രദേശിൽ കാണാതായ മാനസിക വെല്ലുവിളി നേരിടുന്നയാൾ മരിച്ച നിലയിൽ. രത്ലം ജില്ലയിലുള്ള സാർസിയിലെ ബൻവർലാൽ ജെയ്നിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 'നിന്റെ പേര് മുഹമ്മദ് എന്നാണോ' എന്നുചോദിച്ച് ഒരാൾ മർദ്ദിക്കുന്നതും ഇയാൾ പ്രതികരിക്കാൻ ബുദ്ധിമുട്ടുന്നതുമായ വീഡിയോയും പ്രചരിക്കുന്നുണ്ട്. 65 കാരനായ ഇയാളുടെ മരണത്തിൽ മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ കൊലപാതക കുറ്റം രജിസ്റ്റർ ചെയ്തു.

അതേസമയം, വീഡിയോയിൽ അക്രമിക്കുന്നയാൾ മുൻ ബിജെപി കൗൺസിലറുടെ ഭർത്താവായ ദിനേശ് കുഷ് വാഹക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രം​ഗത്തെത്തി.

രാജസ്ഥാനിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരിച്ച ബൻവർലാലിനെ മെയ് 15 നാണ് കാണാതെയാകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ ചിത്രം ഉൾപ്പടെയുള്ള മുന്നറിയിപ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹം കഴിഞ്ഞദിവസം നീമച്ചിലിലെ റോഡരികിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കുടുംബത്തിന് കെെമാറുകയും മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു.

വീഡിയോയെക്കുറിച്ച് ബന്ധുക്കൾ അറിയുന്നത് പിന്നീടാണ്. കുഷ് വാഹ ടവറിനടുത്തായി ഒരു ബെഞ്ചിലിരിക്കുന്ന ബൻവർലാലിനോട് എന്താണ് നിന്റെ പേരെന്നും, മുഹമ്മദ് എന്നാണോ എന്നും ചോദിച്ച് വൃദ്ധന്റെ മുഖത്തടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. യഥാർത്ഥ പേര് പറയാനും ആധാർ കാർഡ് കാണിക്കാനും വീഡിയോയിൽ അക്രമി ആവശ്യപ്പെടുന്നുണ്ട്.

മർദ്ദനത്തിൽ പരിഭ്രാന്തനായി കാണപ്പെട്ട വൃദ്ധൻ മടിക്കെട്ടിലെ പണം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പ്രകോപിതനായ അക്രമി ബൻവർലാലിന്റെ തലയിലും ചെവിയിലുമായി നിർത്താതെ അടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബൻവർലാൽ സാഹചര്യം മനസ്സിലാക്കാനും പ്രതിരോധിക്കാനും ബുദ്ധിമുട്ടുന്നുമുണ്ട്. വീഡിയോ ശ്രദ്ധയിൽപെട്ട ബൻവർലാലിന്റെ കുടുംബം ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയും അടിയന്തിരമായി കുഷ് വാഹയുടെ അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള കെഎൽ ദാങ്കി എഫ്ഐആർ ഫയൽ ചെയ്തു.

കൊലപാതകം, അശ്രദ്ധമൂലമുള്ള മരണം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. വിഷയം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമായെടുക്കാൻ പ്രതിപക്ഷമായ കോൺ​ഗ്രസും രം​ഗത്തെത്തി. ആക്രമണം വെറുപ്പിന്റെ ചൂള കത്തിക്കുന്നതാണെന്ന് കോൺ​ഗ്രസ് എംഎൽഎ ജിതു പട്വാരി പറഞ്ഞു. കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്നല്ലാതെ തുടർനടപടികളുണ്ടാവുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് ദ്വി​ഗ് വിജയ് സിം​ഗും പ്രതികരിച്ചു.

''സംഭവം യാദൃശ്ചികമാണ്. ഒരു പ്രതി പ്രതിയാണ് അല്ലാതെ അതിന് കക്ഷി രാഷ്ട്രീയവുമായി ബന്ധമില്ല. ഇത്തരമൊരു പ്രവർത്തിയിലേർപ്പെട്ടയാളെ സംസ്ഥാന സർക്കാർ വെറുതെ വിടില്ല'' എന്ന് മധ്യപ്രദേശ് ബിജെപി സെക്രട്ടറി രജനീഷ് അ​ഗർവാൾ പറഞ്ഞു.

Story Highlights: Is Your name Mohammed; Mentally ill elder man found dead after repeatedly assaulting

Next Story