
ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനോടാണ് മിലാന്റെ തോൽവി. ഫ്ലൂമിനൻസിനായി ജർമ്മൻ കാനോ, ഹെർകുലീസ് എന്നിവരാണ് വലചലിപ്പിച്ചത്. പരാജയത്തോടെ ഇന്റർ മിലാൻ ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായി.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. പോസ്റ്റിന് വലതുവശത്ത് നിന്ന് ജോൺ ഏരിയാസ് നൽകിയ പാസ് തകർപ്പൻ ഒരു ഹെഡറിലൂടെ കാനോ വലയിലാക്കി. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് തട്ടിയത് ഇന്റർ മിലാൻ താരങ്ങളായിരുന്നു. എന്നാൽ ഗോൾ അവസരങ്ങൾ നിർമിച്ചതിനൊപ്പവും മികച്ച പ്രതിരോധവുമാണ് ഫ്ലൂമിനൻസിന് ആദ്യ പകുതിയിൽ തുണയായത്. 40-ാം മിനിറ്റിൽ ഇഗ്നാഷ്യോ ഒലിവറോ ഫ്ലൂമിനൻസിനായി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി.
രണ്ടാം പകുതിയിൽ ഇന്റർ മിലാൻ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിൽ ഹെർകുലീസിന്റെ ഗോൾ പിറന്നു. ബോക്സിന് പുറത്ത് കിട്ടിയ ബോൾ ഇടംകാൽ ഷോട്ടുകൊണ്ട് താരം വലയിലാക്കുകയായിരുന്നു. പിന്നാലെ ലോങ്‍ വിസിൽ മുഴങ്ങിയപ്പോൾ ക്ലബ് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്ന് സംഭവിക്കുകയും ചെയ്തു.
Content Highlights: Fluminense stun Inter Milan to reach Club World Cup quarter-finals