
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയിലെ സന്ദീപ് പ്രദീപിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പടക്കളം എന്ന സിനിമയെക്കുറിച്ചും അതില്‍ സന്ദീപ് പ്രദീപിന്റെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് മാധവ് സുരേഷ്.
ആ സിനിമ താന്‍ കണ്ടെന്നും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും മാധവ് പറഞ്ഞു. എന്നാല്‍ സന്ദീപിന് പകരം താനായിരുന്നെങ്കില്‍ നന്നായേനെ എന്ന തരത്തില്‍ ഒരുപാട് പോസ്റ്റുകള്‍ കണ്ടെന്നും എന്നാൽ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും മാധവ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘പടക്കളം എന്ന സിനിമ ഞാന്‍ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതില്‍ സന്ദീപ് പ്രദീപിന്റെ പ്രകടനവും എനിക്ക് ഇഷ്ടമായി. എന്നാല്‍ ആ സിനിമയില്‍ സന്ദീപിന് പകരം ഞാന്‍ അഭിനയിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന തരത്തില്‍ ഒന്നുരണ്ട് പോസ്റ്റുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. അത്തരം പോസ്റ്റുകള്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സന്ദീപിന്റെ കഴിവിനോടും കഠിനാധ്വാനത്തോടുമുള്ള അനാദരവാണ് അത്തരം പോസ്റ്റുകള്‍. സന്ദീപിന്റെ അഭിനയത്തെ വിലകുറച്ച് കാണുന്നത് പോലെയായി ആ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നി. നിങ്ങള്‍ക്ക് ഒരു നടനെ അഭിനന്ദിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഒരിക്കലും താരതമ്യം ചെയ്യരുത്. അത് ശരിയായ കാര്യമായി തോന്നുന്നില്ല. അത്തരം പോസ്റ്റുകളിലുള്ള പ്രശ്‌നം എടുത്തുകാണിക്കാന്‍ ഞാന്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പക്ഷേ, അതെല്ലാം ഞാന്‍ പി.ആറിനായി ചെയ്യുന്നതാണെന്നാണ് ചിലര്‍ പറഞ്ഞത്. സന്ദീപിന്റെ അഭിനയം എനിക്ക് ഇഷ്ടമായെന്ന് കാണിക്കാന്‍ വേണ്ടി ഞാന്‍ പങ്കുവെച്ച പോസ്റ്റ് മറ്റൊരു തരത്തില്‍ വായിക്കപ്പെട്ടത് എനിക്ക് വിഷമമുണ്ടാക്കി,’ മാധവ് സുരേഷ് പറഞ്ഞു.
Content Highlights: Madhav Suresh talks about Sandeep Pradeep's performance in the movie Patakalam