
ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വമ്പൻ അട്ടിമറി. ഇംഗ്ലീഷ് ഫുട്ബോൾ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സൗദി ക്ലബ് അൽ ഹിലാൽ പരാജയപ്പെടുത്തി. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാലിന്റെ വിജയം. ഇതാദ്യമായാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പിൽ ഒരു മത്സരത്തിൽ പരാജയപ്പെടുന്നത്. മുമ്പ് ബാഴ്സലോണ, ബയേൺ മ്യൂണിക് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള പെപ് ഗ്വാർഡിയോള ഇതാദ്യമായി ക്ലബ് ലോകകപ്പിലെ ഒരു മത്സരത്തിൽ പരാജയപ്പെട്ടു.
മത്സരത്തിൽ ആദ്യം താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഒമ്പതാം മിനിറ്റിൽ ബെർണാണ്ടോ ഡി സിൽവയുടെ ഗോളിലൂടെ സിറ്റി സംഘം മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാനും സിറ്റിക്ക് സാധിച്ചു.
രണ്ടാം പകുതിയിലാണ് മത്സരം കൂടുതൽ ആവേശകരമായത്. 46-ാം മിനിറ്റിൽ മാർക്കോസ് ലിയോനാർഡോയുടെ ഗോൾ അൽ ഹിലാലിനെ ഒപ്പമെത്തിച്ചു. ജോവോ കാന്‍സലോയുടെ ഷോട്ട് സിറ്റി ഗോൾകീപ്പർ എഡേഴ്സൺ തടഞ്ഞിട്ടെങ്കിലും ലിയോനാർഡോ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി. തൊട്ടുപിന്നാലെ 52-ാം മിനിറ്റിൽ കാൻസലോ നൽകിയ പാസ് കൃത്യമായി സ്വീകരിച്ച് മുന്നേറിയ മാൽകോം അൽ ഹിലാലിനായി വീണ്ടും വലചലിപ്പിച്ചു. ഇതോടെ മത്സരത്തിൽ 2-1ന് അൽ ഹിലാൽ മുന്നിലെത്തി.
എന്നാൽ അൽ ഹിലാലിന്റെ ആഘോഷങ്ങൾക്ക് ഏതാനും മിനിറ്റുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. 55-ാം മിനിറ്റിൽ എർലിങ് ഹാലണ്ട് വലചലിപ്പിച്ചു. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരത്തിൽ ഒപ്പമെത്താൻ സാധിച്ചു. പിന്നീട് ഇരുടീമുകളും മത്സരിച്ച് പോരാടിയെങ്കിലും നിശ്ചിത സമയം പൂർത്തിയാകും വരെ ആർക്കും വലചലിപ്പിക്കാൻ സാധിച്ചില്ല.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 94-ാം മിനിറ്റിൽ കാലിദൊ കൗലിബാലിയുടെ ഗോളിൽ അൽ ഹിലാൽ വീണ്ടും മുന്നിലെത്തി. എന്നാൽ 104-ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി ഒരിക്കൽ കൂടി സമനില ഗോൾ കണ്ടെത്തി. ഒടുവിൽ സിറ്റി ആധിപത്യത്തിന് അവസാനമായത് 112-ാം മിനിറ്റിലെ മാർക്കോസ് ലിയോനാർഡോയുടെ ഗോളിലൂടെയായിരുന്നു. സിറ്റി താരങ്ങളുടെ മുന്നേറ്റങ്ങൾ ശക്തമായി പ്രതിരോധിച്ച അൽ ഹിലാൽ ഗോൾകീപ്പർ യാസിന്‍ ബോനുവിന്റെ പ്രകടനവും നിർണായകമായി. അവശേഷിച്ച എട്ട് മിനിറ്റിൽ ഒരു തിരിച്ചടിക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ഇതോടെ 4-3ന് അൽ ഹിലാൽ വിജയം സ്വന്തമാക്കി.
Content Highlights: Al Hilal creates history, stuns Manchester City in club world cup