റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും; മുന്നറിയിപ്പുമായി മുൻ ചെൽസി താരം

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലും റൊണാൾഡോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

dot image

2026 ഫിഫ ലോകകപ്പ് നേടുകയെന്ന ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ സ്വപ്നം കണ്ണീരിൽ‌ അവസാനിക്കുമെന്ന് മുൻ ചെൽസി താരം വില്യം ഗാലസ്.ലോകകപ്പിൽ പോർച്ചുഗലിനൊപ്പം റൊണാൾഡോയ്ക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്നും ലോകകപ്പെന്ന സ്വപ്നം റൊണാൾഡോയ്ക്ക് സാക്ഷാത്കരിക്കാൻ സാധിക്കില്ലെന്നുമാണ് മുൻ താരം അഭിപ്രായപ്പെട്ടത്.

'2026 ഫുട്ബോൾ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോര്‍ച്ചുഗീസ് ടീമിനൊപ്പമുണ്ടാവും. ഇത് വളരെ വൈകാരികമായ നിമിഷമായിരിക്കും. എന്നാൽ‌ ലോകകപ്പിൽ അദ്ദേഹത്തിന് ആദ്യ ഇലവനിൽ ഇടമുണ്ടാവില്ല. പകരക്കാരന്‍റെ റോളിലാവും റോണോ. പോർച്ചുഗൽ ശക്തമായ ടീമാണ്. പക്ഷേ റൊണാൾഡോയ്ക്ക് ലോകകപ്പെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ബുദ്ധിമുട്ടായിരിക്കും. അത് കണ്ണീരിൽ അവസാനിക്കാനാണ് സാധ്യത'', വില്യം ഗാലസ് പ്രൈം കാസിനോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലും റൊണാൾഡോ കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് സൂപ്പര്‍ താരത്തിന്‍റെ സമ്പാദ്യം. 2026 ലോകകപ്പിന്റെ ഭാഗമാവാൻ സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാന്‍ റോണോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റോണോക്ക് മുന്നിലുള്ളത്.

Content Highlights: William Gallas Warns Cristiano Ronaldo: 2026 World Cup Dream May “End in Tears”

dot image
To advertise here,contact us
dot image