
May 19, 2025
11:29 AM
ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് ഹോളിവുഡ് സംവിധായിക. 'ദി മാർവൽസ്' സിനിമയുടെ സംവിധായിക നിയ ഡാകോസ്റ്റയാണ് ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രം 'ദി മാർവൽസ്' ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിൽ റിലീസിനെത്തുകയാണ്. സിനിമയുടെ പ്രൊമോഷനിടെ ന്യൂസ്18-നോട് പ്രതികരിക്കുകയായിരുന്നു നിയ ഡാകോസ്റ്റ.
ബോളിവുഡ് താരങ്ങളിൽ ആർക്കൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഷാരൂഖിനൊപ്പം എന്നായിരുന്നു സംവിധായികയുടെ മറുപടി. 'ഷാരൂഖ് ഖാൻ ഒരു ഇതിഹാസമാണ്, അല്ലേ? ആ അർത്ഥത്തിൽ ഞാനിതിനായി രണ്ടാമത് ചിന്തിക്കേണ്ടതില്ല,' നിയ ഡാകോസ്റ്റ പറഞ്ഞു.
മിസ് മാർവലിനായി ഫർഹാൻ അക്തറിനെ കൊണ്ടുവന്നത് പോലെ ഒരു ബോളിവുഡ് താരത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സംവിധായികയുടെ മറുപടി. 'ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എല്ലാം ഓർഗാനിക് ആയി വേണമെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ ഞങ്ങൾ ഒരിക്കലും ഒരു തരത്തിലുമുള്ള സ്റ്റണ്ട് കാസ്റ്റിംഗും ചെയ്യാൻ ആഗ്രഹിച്ചില്ല. എന്നാൽ എല്ലാത്തിനും ഒരു സമയമുണ്ട്,' സംവിധായിക കൂട്ടിച്ചേർത്തു.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ പ്രധാന സൂപ്പർ ഹീറോകളുടെ തിരിച്ചുവരവ് സ്ഥിരീകരിക്കുന്നതാണ് ഇന്ന് റിലീസിനെത്തിയ 'ദി മാർവൽസ്' അവസാന ടീസർ. നവംബർ 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.