ഇത് മലയാളം ഇതുവരെ കാണാത്ത 100 കോടി; ബോക്‌സ് ഓഫീസില്‍ ലാലേട്ടന്റെ കൊണ്ടാട്ടം

മലയാള സിനിമയ്ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടവും 'തുടരും' അനായാസം സ്വന്തമാക്കിയിരിക്കുകയാണ്.

dot image

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോവുകയാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയ്ക്ക് റിലീസ് ദിവസം മുതലേ പോസിറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചത്.

ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ സിനിമ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലിങ്ങായ സ്റ്റോറി ടെല്ലിങ്ങും പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നു. ഇതിനൊപ്പം ബോക്‌സ് ഓഫീസിലും ഒന്നിനു പുറകെ ഒന്നായി റെക്കോര്‍ഡുകളും ചിത്രം തീര്‍ത്തിരുന്നു.

100 കോടിയും 200 കോടിയുമെല്ലാം അതിവേഗം നേടിയ ചിത്രം കേരളാ ബോക്‌സ് ഓഫീസിലും ഒന്നാമനായിരുന്നു. ഇപ്പോള്‍ മലയാള സിനിമയ്ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടവും തുടരും അനായാസം സ്വന്തമാക്കിയിരിക്കുകയാണ്.

ട്രാക്കേഴ്‌സ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം, ചിത്രത്തിന്റെ ഷോകളില്‍ നിന്ന് മാത്രമായി 100 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ട്രാക്കഡ് കളക്ഷനില്‍ മലയാളം സിനിമ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

കേരളാ ബോക്‌സ് ഓഫീസില്‍ 110 കോടിയ്ക്ക് മുകളിലും ആഗോളതലത്തില്‍ 220 കോടിയ്ക്ക് മുകളിലുമാണ് തുടരും ഇതുവരെ നേടിയിരിക്കുന്നത്. 24 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ് ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്. അതുകൊണ്ട് എമ്പുരാന്റെ ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും മോഹന്‍ലാല്‍ തന്നെ ഒരുപക്ഷെ തിരുത്തികുറിച്ചേക്കാം.

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നത്. ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വില്ലന്‍ വേഷത്തിലെത്തിയ പ്രകാശ് വര്‍മയുടെ പ്രകടനം വലിയ കയ്യടികള്‍ നേടിയിരുന്നു.

Content Highlights: Thudarum sets new record in tracked collection

dot image
To advertise here,contact us
dot image