തനി ഒരുവന്‍ 2 ഒരുങ്ങുന്നത് വമ്പന്‍ സ്‌കെയിലില്‍; കാത്തിരിപ്പിന് വിരാമമിട്ട് നിര്‍മാതാവ്

2018ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന കഥാപാത്രമായ രവി മോഹന്റെ തിരക്കുകള്‍ മൂലമാണ് ചിത്രം നീണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

dot image

പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന തനി ഒരുവന്‍ എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പുതിയ അപ്ഡേഷനുമായി നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി. 2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ ആ വര്‍ഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. 2018ല്‍ തനി ഒരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

'തനി ഒരുവന്‍ 2 വളരെ വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. അതിന്റെ ലോഞ്ചിങിനുള്ള കൃത്യമായ സമയത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍,' അര്‍ച്ചന വ്യക്തമാക്കി. ചിത്രത്തില്‍ രവി മോഹന്‍, നയന്‍താര എന്നിങ്ങനെ ഒരുപാട് അഭിനേതാക്കളുള്ളതിനാല്‍, അവരുടെ എല്ലാം സമയം നോക്കി, ഉചിതമായ സമയത്ത് ലോഞ്ചിങ് ഉണ്ടാകുമെന്ന് തമിഴ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അര്‍ച്ചന പറഞ്ഞു.

ആദ്യ ഭാഗം ഒരുക്കിയ മോഹന്‍ രാജ തന്നെയാണ് തനി ഒരുവന്‍ 2 വിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 2018ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന കഥാപാത്രമായ രവി മോഹന്റെ തിരക്കുകള്‍ മൂലമാണ് ചിത്രം നീണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊന്നിയിൻ സെൽവൻ ഉൾപ്പെടെ രവി മോഹൻ മുൻപേ ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. 

2023ല്‍ തനി ഒരുവന്‍ 2വിന്റെ ഒരു പ്രൊമോ വീഡിയോ എജിസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് പുറത്തുവിട്ടിരുന്നു. 2024 ല്‍ ഷൂട്ട് തുടങ്ങുമെന്നായിരുന്നു ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഷൂട്ട് നീട്ടി വെക്കുകയായിരുന്നു. 

ആദ്യ ഭാഗത്തില്‍ ജയം രവിയും നയന്‍താരയും ഐപിഎസ് മിത്രന്‍, ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റ് മഹിമ എന്നീ കഥാപാത്രങ്ങളായാണ് എത്തിയിരുന്നത്. അരവിന്ദ് സാമിയുടെ തിരിച്ചുവരവ് കുറിച്ച വില്ലന്‍ വേഷം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

Content Highlights: Prodcucer gives update on Thani Oruvan 2

dot image
To advertise here,contact us
dot image