
വീട്ടില്‍ നിന്ന് വണ്ടിയുമെടുത്ത് പുറത്തിറക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മളെ അലട്ടുന്ന രണ്ട് കാര്യങ്ങളാണ് ഉള്ളത് ഗതാഗത കുരുക്കും ഹോണ്‍ മുഴക്കലിന്റെ കാതടിപ്പിക്കുന്ന ശബ്ദവും. എന്നാല്‍ ഗതാഗതക്കുരുക്കും ഹോണ്‍മുഴക്കലും പോലെയുള്ള യാതൊരു ശല്യവും ഇല്ലാത്ത ഒരു സ്ഥലമുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
മിസോറാമിന്റെ തലസ്ഥാനമായ വടക്കുകിഴക്കന്‍ ഇന്ത്യയുടെ കുന്നുകളില്‍ ഒളിഞ്ഞിരിക്കുന്ന ഐസ്വാളിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗതാഗത കുരുക്ക് മൂലം കുഴയുന്ന ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വ്യത്യസ്തമായി ഐസ്വാള്‍ വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷേ ഡ്രൈവര്‍മാര്‍ ദീര്‍ഘനേരം വരികളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ഹോണ്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഒരേയൊരു ഇന്ത്യന്‍ നഗരമാണിത്.
ഇതൊരു നിയമമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, തെറ്റി. നിയമത്തിലൂടെയല്ല മറിച്ച് ആഴത്തില്‍ വേരൂന്നിയ അച്ചടക്കത്തിന്റെയും പൗര ഉത്തരവാദിത്തത്തിന്റെയും സംസ്‌കാരത്തിലൂടെയാണ് ഈ നഗരം മുന്നോട്ട് പോകുന്നത്. ഐസ്വാളിലെ റോഡുകളിലെ അച്ചടക്കം ഇന്ത്യയിലുടനീളമുള്ള സന്ദര്‍ശകരില്‍ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള സന്ദര്‍ശകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇവിടെ റോഡുകള്‍ ശാന്തവും സുഗമവുമാണ്. മാത്രമല്ല നാട്ടുകാര്‍ വഴികളില്‍ മാലിന്യം ഇടുന്നില്ല, അവര്‍ പരസ്പരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യ ഉണ്ടായിട്ടും നഗരം ഇപ്പോഴും സമാധാനപരമായ ഗതാഗത സാഹചര്യങ്ങള്‍ ആസ്വദിക്കുന്നു.
ഒരു സമൂഹമെന്ന നിലയില്‍ ഇവിടുത്തെ ജനങ്ങള്‍ അവരുടെ സത്യസന്ധതയിലും പേരുകേട്ടവരാണ്. ഹോണ്‍ മുഴക്കുന്നത് മര്യാദയില്ലാത്തതും അനാവശ്യവുമാണെന്ന് അവര്‍ കണക്കാക്കുന്നു. ഹോണ്‍മുഴക്കലും ട്രാഫിക്കും നിത്യജീവിതത്തിന്റെ ഭാഗമായ ലോകത്ത് നഗര ജീവിതത്തെ എങ്ങനെ പുനര്‍ നിര്‍വ്വചിക്കുമെന്നും ആളുകളെ എങ്ങനെ കൂടുതല്‍ ഉത്തരവാദിത്തമുളളവരാക്കാമെന്നും ഐസ്വാള്‍ തെളിയിക്കുന്നു.
Content Highlights:The only Indian city with no traffic jams and no horn use