
സൂര്യനുമായി സാമ്യമുളള ഒരു യുവ നക്ഷത്രമായ HD181327 ന് ചുറ്റും ഐസ് ഉണ്ടെന്ന് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. ചരിത്രപരമായ കണ്ടെത്തലാണിതെന്ന് നാസ അവകാശപ്പെടുന്നു.
നേച്ചര്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഈ പഠനം അനുസരിച്ച് സൗരയൂഥത്തിന് പുറത്തുള്ള അന്തരീക്ഷത്തില്‍ തണുത്തുറഞ്ഞ ജലം കണ്ടെത്തുന്നത് ഇത് ആദ്യമാണ്. ഗ്രഹങ്ങളുടെ പരിണാമത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മനസിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകും.
നക്ഷത്രത്തെ ചുറ്റുന്ന പൊടിപടലങ്ങളുടെ വലയത്തില്‍ ക്രിസ്റ്റല്‍ ഘടനയുള്ള ഐസ് ആണ് ഉളളത്. സൗരയൂഥത്തിനുളളില്‍ കൈപ്പര്‍ ബെല്‍റ്റ് , ശനിഗ്രഹത്തിന്റെ വലയം എന്നിവയിലെല്ലാം ഈ രീതിയിലുള്ള ജല സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകനായ ചെന്‍ ഷി പറഞ്ഞു.
എച്ച് ഡി 181327 നക്ഷത്രത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങളില്‍ തുല്യ അളവിലല്ല ഐസ് ഉളളത്. അകത്തേക്ക് നീങ്ങുമ്പോള്‍ ഐസ് തുള്ളികളുടെ അളവ് ഗണ്യമായി കുറയുന്നു. നക്ഷത്രങ്ങളോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളില്‍ ഐസ് മിക്കവാറും ഇല്ല.
അതേ സമയം ഡിസ്‌കിന്റെ പുറം ഭാഗത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ ഐസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രത്തോട് അടുക്കുംതോറും ജല സാന്നിധ്യം കുറയുകയും ഏറ്റവും അടുത്ത് ഒട്ടും ഇല്ലാതാകുകയും ചെയ്യുന്നു.
Content Highlights:NASA has discovered that a young star similar to the Sun, HD181327, has crystalline water ice around it