'ലിയോ ലാഭകരമല്ല, തമിഴ്നാട്ടില് മുന്പില്ലാത്ത ഷെയറാണ് നിർമ്മാതാക്കൾ വാങ്ങുന്നത്; തിയേറ്റര് ഉടമകള്

ചിത്രത്തിന്റെ റിലീസിന് മുന്പുതന്നെ റെവന്യൂ ഷെയറിംഗുമായി ബന്ധപ്പെട്ട് നിര്മ്മാതാവിനും തിയേറ്റര് ഉടമകള്ക്കുമിടയില് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു

dot image

തമിഴ് സിനിമയിൽ മികച്ച വിജയമുണ്ടാക്കി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് വിജയ്-ലോകേഷ് ചിത്രം 'ലിയോ'. ആഗോളതലത്തിൽ ഹിറ്റായ ജവാനെ പോലും ആദ്യ ദിന കളക്ഷനിൽ പിന്നിലാക്കാൻ ലിയോയ്ക്ക് സാധിച്ചു. കളക്ഷനിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾക്ക് ലിയോ ലാഭം ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം. ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് തമിഴ്നാട് തിയേറ്റര് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് തിരുപ്പൂര് സുബ്രഹ്മണ്യം.

ചിത്രം തങ്ങള്ക്ക് ലാഭകരമല്ലെന്നാണ് തിരുപ്പൂര് സുബ്രഹ്മണ്യം പറയുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്പുതന്നെ റെവന്യൂ ഷെയറിംഗുമായി ബന്ധപ്പെട്ട് നിര്മ്മാതാവിനും തിയേറ്റര് ഉടമകള്ക്കുമിടയില് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. തിയേറ്റര് ഉടമകള് കളക്ഷന്റെ 80 ശതമാനം തങ്ങള്ക്ക് നല്കണമെന്നതായിരുന്നു നിര്മ്മാതാക്കളുടെ ആവശ്യം. ഇത് തിയേറ്റര് ഉടമകള്ക്ക് സ്വീകാര്യമായിരുന്നില്ല.

പിന്നീട് നിർമ്മാതാക്കളുമായുള്ള നീണ്ട ചർച്ചകൾക്ക് ശേഷം ലിയോ പ്രദർശനത്തിന് മടിച്ചു നിന്ന തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

'തമിഴ്നാട്ടില് മുന്പില്ലാത്ത രീതിയിലുള്ളതാണിത്. പല തിയേറ്റര് ഉടമകളും ലിയോ പ്രദര്ശിപ്പിക്കാതിരുന്നത് ബോധപൂര്വ്വമെടുത്ത തീരുമാനത്താലാണ്. ഇത്രയും ഉയര്ന്ന ശതമാനത്തിലുള്ള ഷെയറിംഗ് തുടരുകയാണെങ്കിൽ തിയേറ്ററിന്റെ നടത്തിപ്പിനെ ഇത് മോശമായി ബാധിക്കും. ലിയോയുടെ കേരളത്തിലെ റിലീസ് 60 ശതമാനം ഷെയര് എന്ന കരാറിലാണുള്ളത്,' തിരുപ്പൂര് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

ജയിലര് നിര്മ്മാതാക്കളായ സണ് പിക്ചേഴ്സ് 70 ശതമാനമാണ് വാങ്ങിയത്. അതുപോലും ഞങ്ങള്ക്ക് അംഗീകരിക്കാന് കഴിയുന്നതായിരുന്നു, സുബ്രഹ്മണ്യം പറയുന്നു. ലിയോയുടെ യഥാര്ത്ഥ കളക്ഷന് സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിര്മ്മാതാവായ ലളിത് കുമാർ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണ് കണക്കുകള് അവതരിപ്പിക്കുന്നത്. ഓണ്ലൈന് ബുക്കിംഗില് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും അണിയറക്കാർ ചെയ്യുന്നുണ്ട്. വിദേശത്ത് വ്യാജ ബുക്കിംഗ് നടത്താന് അഞ്ച് കോടിയോളം അവര് കയ്യിൽ നിന്നിറക്കുന്നുണ്ട്. വിജയ്യുടെ പ്രീതി പിടിച്ചുപറ്റാനാണ് നിര്മ്മാതാവ് ഇതെല്ലാം ചെയ്യുന്നത്, തിരുപ്പൂര് സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image