
പുതിയ രണ്ട് പുരസ്കാര വിഭാഗങ്ങൾ കൂടി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഗോൾഡൻ ഗ്ലോബ്. 2024 മുതൽ മികച്ച സ്റ്റാൻഡ്-അപ്പ് കോമഡിക്കും മികച്ച ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയ ചിത്രത്തിനുമാണ് പുതുതായി പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.
റിലീസ് ചെയ്ത് കുറഞ്ഞത് 150 മില്യൺ ഡോളറെങ്കിലും ബോക്സ് ഓഫീസിൽ നേടിയിരിക്കണം, 100 മില്യൺ ഡോളർ യുഎസ് ബോക്സ് ഓഫീസിൽ നിന്നായിരിക്കണം, അംഗീകൃത വ്യവസായ സ്രോതസ്സുകളിൽ നിന്നുള്ള നല്ല റിവ്യു ഉണ്ടായിരിക്കണം, എട്ട് സിനിമകളാണ് നോമിനേറ്റ് ചെയ്യേണ്ടത്, ഈ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെടുന്ന സിനിമകൾക്ക് മികച്ച ചലച്ചിത്ര നാടകം അല്ലെങ്കിൽ കോമഡി വിഭാഗത്തിലും മത്സരിക്കാം എന്നിങ്ങനെയാണ് ഗോൾഡൻ ഗ്ലോബിന്റെ ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയ ചിത്രം എന്ന വിഭാഗത്തിൽ മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.
എന്നാൽ ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയ ചിത്രമെന്ന് വിളിക്കുന്നതെങ്ങനെയെന്നും അതുതന്നെയല്ലെ ജനപ്രിയ സിനിമ എന്നുമുള്ള പ്രതികരണങ്ങൾ എക്സിൽ ഉയരുന്നുണ്ട്. ഗ്രെറ്റ ഗെർവിഗിന്റെ 'ബാർബി'യ്ക്ക് പുരസ്കാരം നൽകുന്നതിനു വേണ്ടി മനഃപൂർവം സൃഷ്ടിച്ച ഒരു വിഭാഗമാണിതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, മികച്ച സ്റ്റാൻഡ്-അപ്പ് കോമഡിയിലെ പ്രകടനത്തിനുള്ള ഗോൾഡൻ ഗ്ലോബിന്റെ മാനദണ്ഡം ഇവയാണ്: പരമ്പരാഗത രീതിയിൽ പിന്തുടരുന്ന ഫോർമാറ്റിലുള്ള കോമിക്കായിരിക്കണം, പരിപാടി കേബിൾ ടിവിയിൽ പ്രക്ഷേപണം ചെയ്തിട്ടുള്ളതായിരിക്കണം, പദ്ധതികൾക്ക് അംഗീകൃത വിതരണക്കാരൻ ഉണ്ടായിരിക്കണം, വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുള്ള പരിപാടിയായിരിക്കരുത് എന്നിവയാണ്.