'മൂന്ന് തവണ പുഷ്പ കണ്ടു, അതിൽ നിന്ന് ചിലത് പഠിക്കാനായി'; അല്ലു അർജുന് നന്ദിയറിയിച്ച് ഷാരൂഖ് ഖാൻ

നടൻ അല്ലു അർജുൻ ഷാരൂഖിനെ അഭിനന്ദിച്ചതിന് പിന്നാലെ കിം​ഗ് ഖാൻ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്
'മൂന്ന് തവണ പുഷ്പ കണ്ടു, അതിൽ നിന്ന് ചിലത് പഠിക്കാനായി'; അല്ലു അർജുന് നന്ദിയറിയിച്ച് ഷാരൂഖ് ഖാൻ

ഒരാഴ്ച കൊണ്ട് 650 കോടിയിലേറെ കളക്ഷൻ നേടി അറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രം 'ജവാൻ' ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിനിടയിൽ നടൻ അല്ലു അർജുൻ ഷാരൂഖിനെ അഭിനന്ദിച്ചതിന് പിന്നാലെ കിം​ഗ് ഖാൻ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.

തന്റെ എക്സ് അക്കൗണ്ട്‌ വഴിയാണ് അല്ലു ഷാരൂഖിന് അഭിനന്ദന സന്ദേശം അയച്ചത്. അല്ലുവിന് കിങ് ഖാൻ നന്ദിയും അറിയിച്ചു. 'പ്രിയപ്പെട്ട അല്ലു അര്‍ജുന്‍, നിങ്ങളുടെ വാക്കുകള്‍ക്കും പ്രാര്‍ത്ഥനക്കും ഒരുപാട് നന്ദി. തിയേറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമായ താങ്കൾ എന്നെ അഭിനന്ദിച്ചത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. പുഷ്പ ഞാൻ മൂന്ന് തവണ കണ്ടു. അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി,' ഷാരൂഖ് ഖാൻ മറുപടിയായി പോസ്റ്റ് ചെയ്തു. അല്ലുവിനെ വൈകാതെ നേരില്‍ കാണാന്‍ എത്തുമെന്നും ഷാരൂഖ് അറിയിച്ചിട്ടുണ്ട്.

ഒരു വർഷം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് നടനാണ് നിലവിൽ ഷാരൂഖ് ഖാൻ. അക്ഷയ് കുമാറിന്റെ വർഷങ്ങളായുള്ള റെക്കോർഡാണ് ഷരൂഖ് ജവാനിലൂടെ തകർത്തത്. അതേസമയം, അല്ലുവിന്റെ പുഷ്പയുടെ രണ്ടാംഭാഗമാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. 2024 ആഗസ്റ്റ് 15-നാണ് 'പുഷ്പ 2' തിയറ്ററുകളിൽ എത്തുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com