
എസ് എസ് രാജമൗലി ചിത്രം ആർ ആർ ആറിനെ പ്രകീർത്തിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. സിനിമയിലെ ഗാനങ്ങളും നൃത്തവുമെല്ലാം മനോഹരമാണ്. ബ്രിട്ടീഷ് അധിനിവേശത്തെ ചിത്രം വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയതിന് പിന്നാലെ ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആർആർആർ മൂന്ന് മണിക്കൂർ ദൈര്‍ഘ്യമുളള സിനിമയാണ്. ഏറെ തമാശ രംഗങ്ങളും മനോഹരമായ നൃത്തവുമുണ്ട് ചിത്രത്തിൽ. ഒപ്പം ഇന്ത്യയ്ക്ക് മേലുള്ള ബ്രിട്ടീഷ് അധിനിവേശത്തെയും ചിത്രം വിമർശിക്കുന്നുണ്ട്. സിനിമ ഒരു മികച്ച വിജയമായാണ് ഞാൻ കാണുന്നത്. എന്തെന്നാൽ ആരെ കണ്ടാലും ഞാൻ മൂന്ന് 'ആർ' സിനിമ കണ്ടോ എന്ന് ചോദിക്കും. എന്നെ ഏറെ ആകർഷിച്ചതിനാൽ ആ സിനിമയുടെ സംവിധായകനെയും മറ്റ് അണിയറപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ബ്രസീൽ പ്രസിഡന്റിന്റെ ഈ വാക്കുകൾക്ക് പിന്നാലെ സംവിധായകന്‍ രാജമൗലിയും സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്. 'താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി. താങ്കൾ ആർ ആർ ആർ ആസ്വദിച്ചു എന്നറിയുന്നതിൽ സന്തോഷം. ഞങ്ങളുടെ ടീം ആഹ്ലാദഭരിതരാണ്,' രാജമൗലി എക്‌സിൽ കുറിച്ചു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍ ടി ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.