

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് സിനിമയ്ക്ക് വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. എന്നാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ തുടരുകയാണ്. സിനിമയ്ക്ക് ഇതുവരെ സെൻസർ ബോർഡിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടില്ല. റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു.
എടുത്ത ടിക്കറ്റ് വെറുതെയാകുമോ? ജനനായകന്‍ പറഞ്ഞ തീയതിയില്‍ എത്തില്ലേ? തുടങ്ങിയ ആശങ്കകൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്നുണ്ട്. സിനിമയുടെ റിലീസ് മാറ്റി വെക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം രണ്ടാമതും സെൻസറിങ്ങിന് വിധേയമായതോടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത.

പൊങ്കൽ ദിനത്തിൽ രാവിലെ 10ന് മുമ്പുള്ള എല്ലാ ഷോകളും റദ്ദാക്കിയേക്കാം. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പുതിയ കമ്മിറ്റി ജനനായകൻ പുനഃപരിശോധിക്കുമെന്ന് ബുധനാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ കോടതി അറിയിച്ചു. ചിത്രം വിദഗ്ധർ കാണണമെന്നാണ് സെൻസർ ബോർഡ് വാദം. ജനനായകന് 27 കട്ടുകൾ വരുത്തിയതായി നിർമാതാക്കൾ പറഞ്ഞു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം 'ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കി. സിനിമ സെൻസർഷിപ്പ് വിവാദത്തിൽപ്പെട്ടതോടെ ചില നഗരങ്ങളിൽ ബുക്ക് മൈഷോയിൽ നിന്നും ജനനായകന് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് അനുവദിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
Content Highlights: Concerns have emerged among fans regarding the release of the film Jananayaka, as doubts surface over whether it will arrive on the previously announced date. The uncertainty has led to widespread discussion on social media, with audiences awaiting an official clarification from the film’s makers.