
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈകോട്ടൈ വാലിബനാ'യുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ചിത്രത്തിന്റെ ഒരോ അപ്ഡേറ്റിനായും അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകർക്ക് സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകളാണ് ഇപ്പോൾ ആവേശമുണ്ടാക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചൻ വാലിബനെ കുറിച്ച് സംസാരിച്ചത്.
വാലിബന്റെ ആദ്യദിനം തിയേറ്ററിന് പുറത്ത് നിന്നു ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്ന് ടിനു പാപ്പച്ചൻ പറഞ്ഞു. അതിന് കാരണം, മോഹൻലാലിന്റെ ഇൻട്രൊ സീനിൽ തിയേറ്റർ കുലുങ്ങുന്നത് കാണാനാണ് എന്നാണ് സംവിധായകൻ പറഞ്ഞത്. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുവാൻ തനിക്ക് അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മലൈക്കോട്ടൈ വാലിബനി’ൽ ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുന്നത്. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് വാലിബനിലെ പ്രധാന അഭിനേതാക്കൾ. ഷിബു ബേബി ജോണിന്റെ ജോണ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന് മൂവി മൊണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര് ചേര്ന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി.എസ്.റഫീഖിന്റേതാണ് തിരക്കഥയൊരുക്കുന്നത്.