വീട് വളരെക്കാലം അടച്ചിട്ടാലും കറണ്ട് ബില്ല് തലവേദനയാകുന്നുണ്ടോ?; ഇത് എങ്ങനെ ഒഴിവാക്കാം

വീട് വളരെക്കാലമായി അടച്ചിട്ടിരിക്കുകയാണെങ്കിലും വൈദ്യുത ബില്ല് ലഭിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണവും അത് എങ്ങനെ ഒഴിവാക്കാമെന്നും അറിയാം

വീട് വളരെക്കാലം അടച്ചിട്ടാലും കറണ്ട് ബില്ല് തലവേദനയാകുന്നുണ്ടോ?; ഇത് എങ്ങനെ ഒഴിവാക്കാം
dot image

ദിവസങ്ങളോളം വീട്ടില്‍ ആരുമില്ലെന്ന് കരുതുക. ലൈറ്റും ഫാനും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. എന്നിട്ടും വൈദ്യുതി ബില്‍ വരുന്നുണ്ട്. വൈദ്യുതി ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ബില്‍ വരുന്നത്?. വീട് ദിവസങ്ങളോളം പൂട്ടിയിട്ട് പുറത്തുപോകുന്ന പലരും ഉണ്ടാവാം. തിരിച്ചെത്തുമ്പോള്‍ ബില്ല് കാത്തിരിക്കുന്നുണ്ടാകും. വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ?, പിന്നെ എങ്ങനെയാണ് ഇത്രയും ബില്‍? എന്ന സംശയവും സ്വാഭാവികം.
നിങ്ങള്‍ ഇല്ല എന്ന് കരുതി വീട്ടിലെ എല്ലാ ഉപകരണങ്ങളും പൂര്‍ണമായി വൈദ്യുതി ഉപയോഗിക്കുന്നത് നിര്‍ത്തിയെന്ന് കരുതേണ്ട. ചില ഉപകരണങ്ങള്‍ ഓഫ് ചെയ്ത ശേഷവും ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിച്ചേക്കാം. കൂടാതെ വൈദ്യുതി ബില്ലില്‍ ചില സ്ഥിര ചാര്‍ജുകളും ഉള്‍പ്പെടാം.

ഓഫ് ചെയ്താലും വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍

റിമോട്ട് ഉപയോഗിച്ച് ടിവിയോ എസിയോ ഓഫ് ചെയ്താല്‍ അവ പൂര്‍ണമായും വൈദ്യുതിയില്‍ നിന്ന് വേര്‍പെട്ടു എന്നര്‍ഥമില്ല. ചില ഉപകരണങ്ങള്‍ Standby Modeല്‍ തുടരാം. ടിവി, സെറ്റ്-ടോപ്പ് ബോക്‌സ് തുടങ്ങിയ ഉപകരണങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഉപകരണം ഉപയോഗിക്കുന്നില്ലെങ്കിലും പ്ലഗില്‍ കണക്ട് ചെയ്തിരിക്കുന്നതിനാല്‍ ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിക്കാം. Standby power കുറയ്ക്കാന്‍ ആവശ്യമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്ലഗില്‍നിന്ന് നേരിട്ട് മാറ്റുന്നത് സഹായകരമാണ്.

avoid electricity bills

ഫ്രിഡ്ജ് ഓഫ് ചെയ്തില്ലെങ്കില്‍?

വീട് പൂട്ടിയിട്ടാലും ഫ്രിഡ്ജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അത് വൈദ്യുതി ഉപയോഗിക്കും. ഫ്രിഡ്ജ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപകരണമായതിനാല്‍ വീട്ടില്‍ ആരുമില്ലെങ്കിലും അതിന്റെ വൈദ്യുതി ഉപയോഗം തുടരും. അതുകൊണ്ട് ദീര്‍ഘകാലത്തേക്ക് വീട്ടില്‍ ആരുമുണ്ടാകില്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായി ഓഫ് ചെയ്യാവുന്നതാണ്.

Wi-Fi യും ഒരു കാരണമാകാം

വീട്ടില്‍ ആരുമില്ലെങ്കിലും Wi-Fi ഓണാക്കി വെച്ചാല്‍ അത് തുടര്‍ച്ചയായി വൈദ്യുതി ഉപയോഗിക്കും. ദീര്‍ഘകാല യാത്രയ്ക്കാണ് പോകുന്നതെങ്കില്‍ റൗട്ടര്‍ ഓഫ് ചെയ്യുന്നത് അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാന്‍ സഹായിക്കും.

ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടാല്‍?

ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവയുടെ ചാര്‍ജര്‍ ഉപയോഗം കഴിഞ്ഞിട്ടും പ്ലഗില്‍ കുത്തിയിടുന്ന ശീലം പലര്‍ക്കുമുണ്ട്. ഉപകരണം കണക്ട് ചെയ്തിട്ടില്ലെങ്കിലും ചില ചാര്‍ജറുകള്‍ ചെറിയ തോതില്‍ വൈദ്യുതി ഉപയോഗിച്ചേക്കാം. ഒറ്റ ചാര്‍ജറില്‍ നിന്നുള്ള ഉപയോഗം വളരെ ചെറുതായിരിക്കാം. എന്നാല്‍ വീട്ടിലെ പല ഉപകരണങ്ങളും ഇത്തരത്തില്‍ തുടര്‍ച്ചയായി പ്ലഗില്‍ കണക്ട് ചെയ്താല്‍ അനാവശ്യ വൈദ്യുതി ഉപയോഗം കൂടാം.

avoid electricity bills

വീട്ടില്‍ ആരുമില്ലെങ്കിലും ബില്‍ വരാനുള്ള മറ്റൊരു കാരണം

വൈദ്യുതി ഉപയോഗം വളരെ കുറവാണെങ്കിലും ബില്‍ പൂര്‍ണമായും പൂജ്യം ആയിരിക്കണമെന്നില്ല. വൈദ്യുതി വിതരണത്തിന്റെ താരിഫ് ഘടന അനുസരിച്ച് മിനിമം ചാര്‍ജ്, ഫിക്‌സഡ് ചാര്‍ജ് തുടങ്ങിയവ ബില്ലില്‍ ഉള്‍പ്പെടാം. അതുകൊണ്ട് വീട് പൂട്ടിയിട്ടിരിക്കുമ്പോഴും ചെറിയൊരു തുകയുടെ വൈദ്യുതി ബില്‍ ലഭിക്കുന്നത് അസാധാരണമല്ല.

യാത്ര പോകുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ ചെയ്യാം

  • വീട് ദിവസങ്ങളോ ആഴ്ചകളോ പൂട്ടിയിടേണ്ട സാഹചര്യമുണ്ടെങ്കില്‍ പുറപ്പെടുന്നതിന് മുമ്പ്
  • ആവശ്യമില്ലാത്ത ഉപകരണങ്ങളുടെ പ്ലഗ് ഊരുക
  • ടിവി, സെറ്റ്-ടോപ്പ് ബോക്‌സ് തുടങ്ങിയവ പൂര്‍ണമായി ഓഫ് ചെയ്യുക
  • Wi-Fi റൗട്ടര്‍ ആവശ്യമില്ലെങ്കില്‍ ഓഫ് ചെയ്യുക
  • ഫ്രിഡ്ജ് ഓഫ് ചെയ്യാനാണെങ്കില്‍ ആദ്യം അതിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ നീക്കം ചെയ്യുക.
  • സാധ്യമെങ്കില്‍ വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക
  • എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍, അലാറം, ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വൈദ്യുതി വേണ്ടതാണെങ്കില്‍ അവ ഓഫ് ചെയ്യരുത്.
  • വീട്ടിലെ ഉപയോഗമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണമായി ഓഫ് ചെയ്യുന്നത് standby വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വൈദ്യുതി വകുപ്പിന്റെ ഊര്‍ജസംരക്ഷണ നിര്‍ദേശങ്ങളില്‍ പറയുന്നു.

വീട്ടില്‍ ആരുമില്ലെങ്കില്‍ ബില്‍ തുക പൂജ്യമാകുമെന്നല്ല അര്‍ഥം

വീട് പൂട്ടിയിട്ടിരിക്കുമ്പോഴും വൈദ്യുതി ബില്‍ വന്നാല്‍ ഉടന്‍ തന്നെ മീറ്ററിന് തകരാറാണെന്ന് കരുതേണ്ട. Standby power ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം, കൂടാതെ സ്ഥിരച്ചാര്‍ജുകള്‍ എന്നിവയെല്ലാം പരിശോധിക്കണം. വീടുവിട്ട് പോകുന്നതിന് മുമ്പ് ആവശ്യമില്ലാത്ത ഉപകരണങ്ങള്‍ പൂര്‍ണമായി ഓഫ് ചെയ്യുന്നത് വൈദ്യുതി പാഴാകുന്നത് കുറയ്ക്കാനുള്ള ലളിതമായൊരു മാര്‍ഗമാണ്.

Content Highlights :If you are receiving electricity bills for a house that has been locked up for a long time, here is the reason behind it and how to avoid it.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image