

പല്ല് തേയ്ക്കാന്‍ മാത്രമല്ല ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത്. അവയ്ക്ക് മറ്റ് ധാരാളം ഗുണങ്ങളുമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വീട്ടിലെ പല വസ്തുക്കളും വൃത്തിയാക്കാന്‍ ടൂത്ത് പേസ്റ്റ് കൊണ്ട് കഴിയും. ഇതിലെ ചെറിയ അളവിലുള്ള ക്ലീനിംഗ് ഏജന്റുകള്‍ കഠിനമായ കറകളും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. എന്തൊക്കെ ഉപയോഗങ്ങളാണ് ടൂത്ത് പേസ്റ്റ് കൊണ്ട് ഉള്ളതെന്ന് അറിയാം.
വെളളി ആഭരണങ്ങളോ വെള്ളികൊണ്ടുളള വസ്തുക്കളോ അഴുക്ക് പിടിക്കുകയോ തിളക്കം മങ്ങുകയോ ചെയ്താല്‍ അവയില്‍ അല്‍പം ടൂത്ത് പേസ്റ്റ് പുരട്ടി തുണികൊണ്ട് മൃദുവായി തടവുക. ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.

വീടിന്റെ ഭിത്തിയിലെ കറകള്‍, ക്രയോണ്‍സ് കൊണ്ട് കുട്ടികള്‍ ഭിത്തിയില്‍ കുത്തിവരച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കറകള്‍ ഇവയൊക്കെ വൃത്തിയാക്കാന്‍ ടൂത്ത് പേസ്റ്റ് സഹായിക്കും. പാടുകളുള്ള ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടി അത് സ്‌ക്രബ് ചെയ്യുക. ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
കുളിമുറിയിലോ അടുക്കളയിലോ ഉള്ള സ്റ്റീല്‍ ടാപ്പുകളും സിങ്കുകളും അഴുക്ക് പിടിച്ചതാണെങ്കിലോ?. ഇവയിലൊക്കെ വെളളത്തിന്റെ കറ അടിഞ്ഞുകൂടിയാണ് അഴുക്കുണ്ടാകുന്നത്. ഇങ്ങനെ കറ പിടിച്ച ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടി അല്‍പസമയം വെച്ച ശേഷം ഒരു സ്‌പോഞ്ചോ തുണിയോ ഉപയോഗിച്ച് ഉരച്ച് വെള്ളം കൊണ്ട് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ടാപ്പും സിങ്കും ഒക്കെ വൃത്തിയാകാന്‍ സഹായിക്കും.

വെളുത്ത നിറത്തിലുള്ള ഷൂസ് പെട്ടെന്ന് വൃത്തികേടാകാറുണ്ട് അല്ലേ?. വെള്ള നിറമുള്ള സ്‌നീക്കറുകളും സ്‌പോര്‍ട്‌സ് ഷൂവും വൃത്തിയാക്കാന്‍ അവയില്‍ കുറച്ച് ടൂത്ത് പേസ്റ്റ് പുരട്ടി ഒരു പഴയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഉരയ്ക്കുക. അല്‍പസമയം കഴിഞ്ഞ് ഒരു നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയാക്കാവുന്നതാണ്.
പ്ലാസ്റ്റിക് സ്വിച്ച് ബോര്‍ഡുകള്‍ പോലുള്ള വെളുത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ കുറേ നാളുകള്‍ കഴിയുമ്പോള്‍ കാലക്രമേണ അഴുക്ക് പിടിക്കുകയോ മഞ്ഞനിറമാവുകയോ ചെയ്യാം. ഒരു തുണിയില്‍ അല്‍പംടൂത്ത്‌പേസ്റ്റ് പുരട്ടി ഇത്തരം വസ്തുക്കള്‍ പതിയെ തുടച്ച് വൃത്തിയാക്കുക. ഇത് കറകള്‍ വൃത്തിയാക്കാന്‍ സഹായിക്കും.

മുഖം നോക്കുന്ന കണ്ണാടികളിലോ ജനല്‍ ചില്ലുകളിലോ അഴുക്ക് അടിഞ്ഞുകൂടിയിരിക്കുന്നത് വൃത്തിയാക്കാന്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാം. ഒരു തുണിയില്‍ ടൂത്ത് പേസ്റ്റ് പുരട്ടി വൃത്താകൃതിയില്‍ തടവുക. ഇങ്ങനെ ചെയ്യുന്നത് ഗ്ലാസ് വൃത്തിയാക്കാനും തിളക്കമുള്ളതാക്കി വയ്ക്കാനും സഹായിക്കും.
Content Highlights :Toothpaste can be used to clean various household items. The mild cleaning agents it contains help remove stubborn stains and dirt.