ആഭ്യന്തര മന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്; രമേശ് ചെന്നിത്തലയെ കണ്ട് കെ കെ മഹേശന്റെ കുടുംബം

കേസിലെ ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശനെതിരെ നടപടി ശക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു

ആഭ്യന്തര മന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്; രമേശ് ചെന്നിത്തലയെ കണ്ട് കെ കെ മഹേശന്റെ കുടുംബം
dot image

ആലപ്പുഴ: എസ്എന്‍ഡിപി യോഗം യൂണിറ്റ് സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്‍ ജീവനൊടുക്കിയ സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മഹേശന്റെ കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. കേസിലെ ഒന്നാം പ്രതി വെള്ളാപ്പള്ളി നടേശനെതിരെ നടപടി ശക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. ഹരിപ്പാട് വീട്ടിലെത്തിയാണ് കുടുംബം ചെന്നിത്തലയെ കണ്ടത്.

നല്ല സമീപനമാണ് ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മഹേശന്റെ ഭാര്യ ഉഷാദേവി പറഞ്ഞു. വലിയ തിരക്കിലും മന്ത്രി പരാതി വിശദമായി കേട്ടു. വേണ്ടത് ചെയ്യാമെന്ന് മറുപടി നല്‍കി. ആഭ്യന്തര മന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ടെന്നും അവര്‍ പ്രതികരിച്ചു. പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ച് പുനരന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളി മഹേശനെ ഇപ്പോഴും നിരന്തരം അക്ഷേപിക്കുകയാണ്. ആറ് വര്‍ഷമായി ഇത് തുടരുന്നു. കേസില്‍ നിന്ന് രക്ഷപെടാനാണ് ആക്ഷേപം നടത്തുന്നത്. ആക്ഷേപിച്ച് കേസില്‍ നിന്ന് പിന്മാറ്റാനാണ് ശ്രമിക്കുന്നത്. തങ്ങള്‍ എന്ത് സംഭവിച്ചാലും പിന്മാറില്ലെന്നും ഉഷാദേവി പറഞ്ഞു.

മുഖ്യമന്ത്രിക്ക് രണ്ട് തവണ അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു കുടുബത്തിന്റെ വിമര്‍ശനം. തനിക്ക് പരാതിയുടെ പകര്‍പ്പ് മാത്രമാണ് ലഭിച്ചതെന്ന് അന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കെ കെ മഹേശന്‍ ജീവനൊടുക്കിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളി മൂന്നാം പ്രതിയുമാണ്. ഇവരുടെ മാനേജര്‍ കെ എല്‍ അശോകനാണ് രണ്ടാം പ്രതി. മൂന്ന് പേരും ഇതുവരെയും ജാമ്യമെടുത്തിട്ടില്ല. 2002ല്‍ കോടതി നിര്‍ദേശപ്രകാരമായിരുന്നു സംഭവത്തില്‍ പൊലീസ് കേസെടുത്തത്. നാലു വര്‍ഷം പിണറായി സര്‍ക്കാര്‍ പ്രതികളെ സംരക്ഷിച്ചെന്നായിരുന്നു ഉയര്‍ന്ന ആരോപണം. അന്വേഷണം ഊര്‍ജിതമാക്കാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ഇടപെട്ടിരുന്നു. എന്നിട്ടും നിലവിലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്.

എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു കെ കെ മഹേശന്‍. മൈക്രോഫിനാന്‍സ് കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് 2020 ജൂണില്‍ കെകെ മഹേശനെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 32 പേജുള്ള ആത്മഹത്യ കുറിപ്പില്‍ തന്നെ ബലിയാടാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന് മഹേശന്‍ ആരോപിച്ചിരുന്നു.

Content Highlights: The family of late SNDP Yogam leader KK Mahesan has demanded a further investigation into his death during a meeting with Ramesh Chennithala. They urged authorities to intensify legal action against the first accused, Vellappally Natesan, and called for the appointment of a Special Investigation Team (SIT). The demand has brought renewed attention to the long-pending case.

dot image
To advertise here,contact us
dot image