

മദ്യപിക്കുമ്പോള്‍ ആളുകള്‍ കൂടുതലും ചില്ല് ഗ്ലാസാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ മദ്യം ചില്ല് ഗ്ലാസില്‍ കുടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ട് എന്നതാണ് വാസ്തവം.
ഒന്നാമതായി രുചിയും ഗുണമേന്മയും നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. ചില്ല് ഗ്ലാസ് രാസപരമായി പ്രതികരിക്കാത്ത വസ്തുവാണ്. അതുകൊണ്ട് മദ്യത്തിന്റെ രുചിയും മണവും ഗുണമേന്മയും മാറ്റമില്ലാതെ നിലനില്‍ക്കും. മറ്റൊന്ന് ആരോഗ്യ സുരക്ഷയാണ്. പ്ലാസ്റ്റിക്ക് ഗ്ലാസിലും പാത്രത്തിലുമൊക്കെ മദ്യം ഒഴിച്ചുവച്ചാല്‍ അതിലെ രാസവസ്തുക്കള്‍ മദ്യത്തിലേക്ക് കലരാന്‍ സാധ്യതയുണ്ട്. ചില്ല്ഗ്ലാസില്‍ അത്തരം അപകടങ്ങള്‍ ഉണ്ടാകുന്നില്ല. മൂന്നാമത്തേത് മണം അറിയാന്‍ സാധിക്കുന്നു എന്നതാണ്. ചില്ല് ഗ്ലാസ് ഉപയോഗിക്കുമ്പോള്‍ മദ്യത്തിന്റെ മണം വ്യക്തമായി അറിയാന്‍ സാധിക്കും. ചില്ല് ഗ്ലാസ് താപനില നിയന്ത്രിക്കാന്‍ സഹായിക്കും. അതായത് ഗ്ലാസ് ചൂടിനെ വേഗത്തില്‍ കൈമാറില്ല. അതുകൊണ്ട് മദ്യം അതിന്റെ ശരിയായ താപനിലയില്‍ കൂടുതല്‍ സമയം നിലനില്‍ക്കും. ഗ്ലാസ് സുതാര്യമായതുകൊണ്ട് മദ്യത്തിന്റെ നിറം, തെളിച്ചം എന്നിവ കാണാനും അനുഭവിക്കാനും കഴിയുന്നു.

മദ്യപാനത്തിന് ചില്ല് ഗ്ലാസ് ഉപയോഗിക്കുന്നതിന് പാരമ്പര്യവശം കൂടിയുണ്ട്. പുരാതന കാലത്ത് മനുഷ്യന്‍ മദ്യം കുടിച്ചിരുന്നത് മണ്‍പാത്രങ്ങളിലും ലോഹ പാത്രങ്ങളിലും ആയിരുന്നു. പക്ഷേ ആ പാത്രങ്ങള്‍ മദ്യത്തിന്റെ രുചിയും മണവും മാറ്റിയിരുന്നു. ക്രമേണെ ചില്ല് ഗ്ലാസ് കണ്ടുപിടിച്ചപ്പോള്‍ അതിനെ 'ശുദ്ധമായ പാത്രം' ആയി കണക്കാക്കി. അക്കാലത്ത് യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ രാജാക്കന്മാരും പ്രഭുക്കളും മദ്യം കുടിച്ചിരുന്നത് അലങ്കാരങ്ങളുള്ള ചില്ല്
ഗ്ലാസിലായിരുന്നു. അന്ന് ചില്ല് ഗ്ലാസുകള്‍ അപൂര്‍വ്വമായതുകൊണ്ടുതന്നെ അത് അധികാരത്തിന്റെയും മഹത്വത്തിന്റെയും അടയാളമായി മാറി. പിന്നീട് സാമൂഹിക ചടങ്ങുകള്‍, ആചാരങ്ങള്‍, വിരുന്നുകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ ഇവയിലൊക്കെ ചില്ല് ഗ്ലാസ് ഔപചാരികതയായി കാണാന്‍ തുടങ്ങി.

മദ്യപിക്കുമ്പോള്‍ ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച് ചിയേഴ്‌സ് പറയുന്നത് പണ്ടുമുതലേ ചെയ്തുവരുന്ന പതിവാണ്. എന്തിനുവേണ്ടിയാണ് ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച് ചിയേഴ്‌സ് പറയുന്നത്? അതിന് പിന്നിലും ഒരു കാരണമുണ്ട്. പുരാതന കാലത്ത് ആളുകളെ വിഷം കലര്‍ത്തി കൊല്ലുന്നത് സാധാരണമായിരുന്നു. അതുകൊണ്ട് മദ്യപിക്കുമ്പോള്‍ ഗ്ലാസുകള്‍ തമ്മില്‍ ശക്തമായി കൂട്ടിമുട്ടിച്ചാല്‍ രണ്ട് ഗ്ലാസുകളിലെയും മദ്യം പരസ്പരം കലരും. വിഷം കലര്‍ത്തുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
യുദ്ധത്തിന് മുന്‍പ്, ഉടമ്പടികള്‍ക്ക് ശേഷം, വിവാഹം പോലുള്ള ചടങ്ങുകള്‍ ഇവയിലൊക്കെ ഇത് പതിവാകുകയും കാലം കടന്നുപോയപ്പോഴും ആ രീതി തുടര്‍ന്നു പോവുകയും ചെയ്തു.
(മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്.മദ്യപാനം കാന്‍സറടക്കമുള്ള രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു)
Content Highlights : Do you know the reason behind using glass tumblers to drink?