ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടിക്ക് തിരിച്ചടി; ഇഡി അന്വേഷണത്തിന് അനുമതി നൽകി വിജിലൻസ് കോടതി

കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടിക്ക് തിരിച്ചടി; ഇഡി അന്വേഷണത്തിന് അനുമതി നൽകി വിജിലൻസ് കോടതി
dot image

കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിന് അനുമതി നൽകി കൊല്ലം വിജിലൻസ് കോടതി. ഇഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലൻസ് കോടതിയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

കേസിന്റെ എഫ്‌ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു ഇഡി കേടതിയിൽ അപേക്ഷ നല്‍കിയിരുന്നു. എന്നാൽ വിവരങ്ങള്‍ കൈമാറുന്നതില്‍ തടസ്സമില്ലെന്നും ഇഡി പറയുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം നടക്കാൻ പാടുള്ളു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മറ്റു കുറ്റകൃത്യങ്ങളില്‍ ഇഡി സമാന്തര അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കൈമാറുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം എങ്ങനെയാണ് പ്രത്യേക അന്വേഷണസംഘത്തെ ബാധിക്കുക എന്നുമായിരുന്നു ഇഡിയുടെ വാദം. ഈ വാദം അംഗീകരിച്ചാണ് കൊല്ലം വിജിലൻസ് കോടതി ഇഡിക്ക് രേഖകൾ കൈമാറാൻ എസ്ഐടിയോട് നിർദ്ദേശിച്ചത്.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നേരത്തെ രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. രമേശ് ചെന്നിത്തലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവരം നൽകിയ വിദേശ വ്യവസായിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം രഹസ്യമായി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ്ണക്കൊള്ള വിഷയത്തിൽ ഇഡി അന്വേഷണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധമുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശബരിമലക്കേസിന്റെ അന്താരാഷ്ട്ര മാനങ്ങളെ കുറിച്ചു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വർണപ്പാളിയുടെ കാര്യത്തിൽ നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Content Highlights: Permission for ED on Sabarimala gold Theft investigation

dot image
To advertise here,contact us
dot image