

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഹരിയാനയെ തകര്‍ത്ത് ജാര്‍ഖണ്ഡ് കിരീടം നേടിയപ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍.
ജാര്‍ഖണ്ഡിനായി ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ ഫൈനലിലെ വെടിക്കെട്ട് സെഞ്ചുറി അടക്കം 10 മത്സരങ്ങളില്‍ 517 റൺസാണ് നേടിയത്.
രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 197.32 സ്ട്രൈക്ക് റേറ്റിലും 57.44 ശരാശരിയിലുമാണ് ഇഷാൻ റണ്ണടിച്ചു കൂട്ടിയത്. 33 സിക്സുകളും 51 ബൗണ്ടറികളും ഇഷാന്‍ നേടി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയതും ഇഷാനാണ്.
ഹരിയാനയുടെ അങ്കിത് കുമാര്‍ ആണ് 448 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഫൈനലില്‍ ഇഷാന്‍ കിഷനൊപ്പം തകര്‍ത്തടിച്ച കുമാര്‍ കുഷാഗ്ര 422 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്തിയപ്പോള്‍ 398 റണ്‍സെടുത്ത ഹരിയാനയുടെ യഷ്‌വര്‍ധന്‍ ദലാല്‍ ആണ് നാലാമത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും മുംബൈയുടെ സീനിയര്‍ താരവുമായ അജിങ്ക്യാ രഹാനെ 391 റണ്‍സും 161.57 സ്ട്രൈക്ക് റേറ്റും 48.47 ശരാശരിയുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്തി. ഏഴ് കളികളില്‍ 247 റണ്‍സടിച്ച രോഹന്‍ കുന്നുമ്മല്‍ ആണ് മലയാളി താരങ്ങളില്‍ മുന്നിലെത്തിയത്.
റണ്‍വേട്ടക്കാരില്‍ 32-ാം സ്ഥാനത്താണ് രോഹന്‍. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജു സാംസണ്‍ ആറ് മത്സരങ്ങളില്‍ 233 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ 42-ാം സ്ഥാനത്താണ്.
Content Highlights: sayyid mushtaq ali trophy; ishan kishan top run scorer; sanju on low