

കഴിഞ്ഞ കുറച്ച് ദിവസമായി ഇൻഡിഗോ വിമാനക്കമ്പനി അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ യാത്രികർ നേരിട്ട പ്രതിസന്ധിയാണ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. പിന്നാലെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കമ്പനി ഒന്നൊന്നായി പരിഹരിച്ച് വരുമ്പോഴാണ് ഫ്‌ളൈറ്റിനുള്ളിൽ കയറിയ ഒരു പ്രാവ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫ്‌ളൈറ്റിനുള്ളിൽ ഒരു പ്രാവ് പറക്കുന്നതും ഇത് മൂലം യാത്രികർക്കുണ്ടാകുന്ന ബുദ്ധിമുട്ടുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബെംഗളുരുവിൽ നിന്നും വദോദരയിലേക്ക് പുറപ്പെടാനുള്ള ഫ്‌ളൈറ്റിലായിരുന്നു സംഭവം. എയർക്രാഫ്റ്റ് കാബിനുള്ളിൽ യാത്രക്കാരുടെ തലയ്ക്ക് മുകളിലായി പറക്കുകയാണ് പ്രാവ്. ചിലർ ഇതിനെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത് ആർക്കും പിടികൊടുക്കാതെ അങ്ങോട്ടുമിങ്ങോട്ടും പറക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികനാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.
'വിമാനത്തിനുള്ളിലെ അപ്രതീക്ഷിത അതിഥി, സന്തോഷവും തമാശയും നിറഞ്ഞ നിമിഷം, നന്നായി ആസ്വദിച്ചു' എന്നാണ് ഈ വീഡിയോയ്ക്ക് അദ്ദേഹം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ഇതിന് നിരവധി പേരാണ് തമാശ രൂപേണ കമന്റുകളും പോസ്റ്റ് ചെയ്യുന്നത്. എന്തായാലും ബേർഡിങ് പാസ് കിട്ടിയല്ലോ എന്നായിരുന്നു അതിലൊരു കമന്റ്. ഇൻഡിഗോയ്ക്ക് ഇപ്പോൾ മുഴുവൻ കഷ്ടകാലമാണല്ലോ എന്നതായിരുന്നു മറ്റൊരു കമന്റ്. ഇക്കാലത്ത് ജന്തുക്കൾക്ക് പോലും ബെംഗളുരുവിലെ ഗതാഗതക്കുരുക്ക് സഹിക്കാൻ കഴിയുന്നില്ല, ഇൻഡിഗോയെക്കാൾ മുന്നേ പ്രാവുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും എന്ന് തുടർന്ന് പോകുകയാണ് കമന്റുകൾ.
Content Highlights: Pigeon inside Indigo flight, video goes viral