

മധ്യപ്രദേശിൽ കൂട്ടത്തോടെ അസംബ്ലി സമ്മേളനം ഒഴിവാക്കി എംഎൽഎമാർ. ബിജെപി, കോൺഗ്രസ്, എംഎൽഎമാർക്കൊപ്പം ഭാരത് ആദിവാസി പാർട്ടിയുടെ ഒരേയൊരു എംഎൽഎയും അസംബ്ലി കൂടിയപ്പോൾ ഹാജരായില്ല. സമ്മേളനത്തിന്റെ അവസാനദിവസം ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തുള്ള എംഎൽഎമാരുടെ ചോദ്യങ്ങൾ കാത്തിരുന്ന മന്ത്രിമാരെല്ലാം നിരാശരായി. എംഎൽഎമാരെല്ലാം കല്യാണം കൂടാൻ പോയതാണെന്നാണ് വിവരം. മധ്യപ്രദേശ് അസംബ്ലിയിലെ ശൈത്യകാല സമ്മേളനം ഡിസംബർ അഞ്ച് വരെയാണ് നടന്നത്.
ചോദ്യങ്ങൾ ചോദിക്കേണ്ടവരുടെ അസാന്നിധ്യത്തിൽ ചോദ്യോത്തര വേള പെട്ടെന്ന് അവസാനിക്കുകയും ചെയ്തു. പ്രതിപക്ഷ നിരയിലെ ബെഞ്ചുകളെല്ലാം ഒഴിഞ്ഞ് കിടന്നതോടെ സ്പീക്കർ നരേന്ദ്ര സിങ് തോമർ മിസിങായ എംഎൽഎമാരുടെ പേരുകൾ വിളിച്ചു. എന്നാൽ മറുപടി പറയാൻ ആരുമുണ്ടായില്ല.
ഇതോടെ അസംബ്ലി സമ്മേളനങ്ങൾ തീരുമാനിക്കുമ്പോൾ വിവാഹങ്ങളുടെ മുഹൂർത്തം കൂടി പരിഗണിക്കണമെന്ന് സ്പീക്കറോട് മന്ത്രി കൈലാഷ് വിജയവർഗിയ തമാശരൂപേണ ആവശ്യപ്പെട്ടു. എംഎൽഎമാരിൽ പലരുടെയും കുടുംബത്തിൽ ഇന്ന് വിവാഹമാണ് അടുത്ത വർഷം മുതൽ അസംബ്ലി തീയതികളും വിവാഹങ്ങളും തമ്മിൽ ക്ലാഷാകാതെ ശ്രദ്ധിക്കാമെന്നും മന്ത്രി പറഞ്ഞു.
14 മുതൽ 18 വരെയുള്ള ചോദ്യങ്ങളും 20 മുതൽ 25 വരെയുള്ളതും പ്രതിപക്ഷ എംഎൽഎമാരുടേതായിരുന്നു. സഭയിൽ മന്ത്രിമാരെല്ലാം സന്നിഹിതരായിരുന്നു. ബ്യൂറോക്രാറ്റുകളും ഹാജരായി. എന്നാൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ആദ്യമായി സഭയിലെ ചോദ്യോത്തര വേളയിൽ അഞ്ച് മിനിറ്റ് ബാക്കി നിൽക്കേ ഒന്നും ചെയ്യാനില്ലാത്ത സാഹചര്യമുണ്ടായി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്തമില്ലായ്മയെ ചോദ്യം ചെയ്ത് ഒരു വശത്ത് വിമർശനം കനക്കുന്നുണ്ട്.
Content Highlights: 14 MLA's of Madhya Pradesh assembly skips sessions to attend wedding