

ഏകദേശം 1 മാസം ആയി കിഴക്കൻ ഏഷ്യയിൽ രണ്ട് രാജ്യങ്ങൾ- ചൈനയും ജപ്പാനും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടാൻ തുടങ്ങിയിട്ട്…തായ്‌വാനെ ചൈന ഉന്നം വെച്ചാൽ അത് ജപ്പാനെ ഉന്നം വെക്കുന്നതുപോലെ ആണെന്നും, തായ്‌വാന്റെ സംരക്ഷണം ജപ്പാൻ്റെയും സംരക്ഷണം ആണെന്നും അതുകൊണ്ട് തായ്‌വാനെ ചൈനക്ക് ഒരിക്കലും വിട്ടു കൊടുക്കില്ല എന്നുമൊക്കെയുള്ള താക്കീത് ജപ്പാന്റെ ആദ്യ വനിത പ്രധാന മന്ത്രിയായി ചുമതലയേറ്റ സനേ തകായിച്ചി പറഞ്ഞിരുന്നതാണ്. തായ്‌വാന്‍റെ പരമാധികാരത്തില്‍ ചൈനയുടെ അധിനിവേശമുണ്ടായാൽ സൈനികമായി ഇടപെടാൻ തയ്യാറാണെന്ന ജപ്പാൻ പ്രധാനമന്ത്രിയുടെ വാക്കുകള്‍ സാഹചര്യം കൂടുതൽ വഷളാക്കി എന്ന് വേണം കരുതാൻ.
ആ പരാമർശങ്ങൾ ബീജിംഗിനെ ചൊടിപ്പിച്ചു, അവർ നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ ജാപ്പനീസ് പ്രധാനമന്ത്രി ഒരിഞ്ച് പോലും പിന്നോട്ട് പോയില്ല. അന്ന് തുടങ്ങിയ തർക്കം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഒരു വ്യാപാര യുദ്ധമായി വരെ അതിവേഗം വളർന്നു. സ്വയംഭരണമുള്ള തായ്‌വാനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്, തായ്‌വാനെ വീണ്ടും തങ്ങളുടെ ഭാഗമാക്കാൻ ചൈന നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നും ഉണ്ട്. ജപ്പാന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണ സൂചന വന്നാൽ പോലും കൈയും കെട്ടി നോക്കി ഇരിക്കില്ലെന്നാണ് ചൈനയുടെ നിലപാട്.

തായ് വാന്‍ വിഷയത്തില്‍ ദിവസങ്ങളോളം നീണ്ടു നിന്ന തർക്കത്തിന്‍റെ അലയൊലികള്‍ ഏതാണ്ട് ശമിച്ച് വരുന്നതിന് ഇടയിലാണ് വീണ്ടും ഒരു നേർക്കുനേർ പോരാട്ടവുമായി ഇരു രാജ്യങ്ങളും കിഴക്കൻ ചൈന കടലിൽ ഇറങ്ങിയിരിക്കുന്നത്. ഇത്തവണയും വിഷയം ദ്വീപ് സമൂഹങ്ങളുടെ അധികാരം തന്നെ. കിഴക്കൻ ചൈനാ കടലിലെ ഭൗമരാഷ്ട്രീയമായി സെൻസിറ്റീവ് ആയ ഒരു കൂട്ടം ദ്വീപുകൾക്ക് സമീപം നടന്ന ഒരു ഏറ്റുമുട്ടലിനെക്കുറിച്ച് ആണ് പറഞ്ഞ് വരുന്നത്.
സെൻകാകു ദ്വീപുകൾ എന്ന് ടോക്കിയോയും ദിയായു ദ്വീപുകളെന്ന് ചൈനയും വിളിക്കുന്ന ദ്വീപുകളുടെ പേരിലാണ് ഇപ്പോൾ ഇരു രാജ്യങ്ങളും പോരടിക്കുന്നത്. ദ്വീപുകൾ നിലവില്‍ ജപ്പാൻ നിയന്ത്രണത്തിലാണെങ്കിലും ഇവതങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. പ്രദേശത്തേക്ക് ഒരു ജാപ്പനീസ് മത്സ്യബന്ധന കപ്പൽ അനധികൃതമായി പ്രവേശിച്ചെന്ന് പറഞ്ഞ് ചൈനയുടെ തീരസംരക്ഷണ സേന രംഗത്ത് വരുന്നതോടെയാണ് രംഗം വഷളാകുന്നത്. ജപ്പാന്‍റെ ഭാഗത്ത് നിന്നും ഉടനടി തന്നെ മറു നീക്കമുണ്ടായി. മത്സ്യബന്ധന കപ്പലിനടുത്തേക്ക് എത്തിയ രണ്ട് ചൈനീസ് തീരസംരക്ഷണ കപ്പലുകൾ തടഞ്ഞ് പുറത്താക്കിയതായി ജപ്പാന്റെ തീരസംരക്ഷണ സേന അറിയിച്ചു. ചുരുക്കത്തില്‍ തായ്‌വാനെ ചൊല്ലി മാത്രമല്ല, സെൻകാകു ദ്വീപിന്‍റെ അവകാശത്തെചൊല്ലിയും പുതിയ പോർമുഖം തുറക്കുകയാണ് ജപ്പാനും ചൈനയും.
കിഴക്കൻ ചൈന കടലിൽ സ്ഥിതി ചെയ്യുന്ന, ജനവാസമില്ലാത്ത എട്ട് ദ്വീപുകളുടെ ഒരു ശൃംഖലയാണ് സെൻകാകു ദ്വീപുകൾ. ജനവാസം ഇല്ലെങ്കിലും തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക താല്‍പര്യങ്ങളും ദ്വീപിന്‍റെ പ്രധാന്യം വർധിപ്പിക്കുന്നു. സെന്‍കാകുവിന്‍റെ അധികാരത്തെ ചൊല്ലിയുള്ള തർക്കം ഇരു രാജ്യങ്ങളും ഇന്നും ഇന്നലേയുമായി തുടങ്ങിയതല്ലെന്നുള്ളതാണ് പ്രധാന സവിശേഷത. 1970-കളില്‍ ദ്വീപ് മേഖലയില്‍ ക്രൂഡ് ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പ്രദേശത്തിനായി ചൈനയും തായ്‌വാനും കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ദ്വീപുകൾ 1972 മുതൽ ജപ്പാനാണ് ഭരിക്കുന്നതെങ്കിലും ചൈനയും തായ്‌വാനും ഇവയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയാണ്. ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന ജലപാതയായ കിഴക്കൻ ചൈനാ കടലിലെ വിഭവങ്ങൾ ഉപയോഗിക്കാനായി 2008 ൽ ജപ്പാനും ചൈനയും ഒരു കരാർ ഉണ്ടാക്കിയെങ്കിലും, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംഘർഷങ്ങൾ കാരണം സാഹചര്യം വഷളായിരുന്നു.

സെൻകാകു ദ്വീപുകളിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായിട്ടാണ് തായ്‌വാൻ സ്ഥിതി ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ തയ്വാന് ചുറ്റും നാവികസേനയെ വിന്യസിക്കാന്‍ ചൈന ശ്രമിച്ചാൽ തായ്‌വാനെ മാത്രമല്ല, സെൻകാകു ദ്വീപുകളെയും ചൈന കൈപ്പിടിയിലാക്കാൻ സാധ്യത ഉണ്ടെന്നാണ് ജപ്പാൻ വിശ്വസിക്കുന്നത്. ചൈനയാകട്ടെ ദ്വീപുകൾ തങ്ങളുടേതെന്ന് നിരന്തരം അവകാശപ്പെടുകയും മേഖലയിലെ എല്ലാ ലംഘനങ്ങളും പ്രകോപനങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ജപ്പാനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതേ സമയം ജാപ്പനീസ് സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്നത് കണ്ടതിന് തൊട്ടുപിന്നാലെ ആണ് ചൈനീസ് കപ്പലുകളെ ജപ്പാൻ കോസ്റ്റ് ഗാർഡ് തടയാനായി എത്തിയെതെന്നാണ് ജപ്പാന്റെയും വാദം. അങ്ങനെ കിഴക്കൻ ചൈന കടലിൽ ഇരുശക്തികളും നേർക്കുനേർ ഏറ്റുമുട്ടുന്നത് ആണിപ്പോൾ കാണാൻ സാധിക്കുന്നത്.
ഇനി മറ്റൊരു കാര്യം കൂടി ചൈന പറഞ്ഞു വെക്കുന്നുണ്ട്. തായ്‌വാനെ ചൊല്ലിയോ, ഈ സെൻകാകു ദ്വീപുകളെ ചൊല്ലിയോ പ്രശനം ഉണ്ടാക്കാൻ ജപ്പാൻ ശ്രമിച്ചാൽ , ആ ആക്രമണങ്ങളെ ചെറുക്കാൻ ചൈന വേണ്ടതെല്ലാം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. 'ഒരു നൂറ്റാണ്ടിലേറെ മുമ്പ് ഒന്നാം ചൈന-ജാപ്പനീസ് യുദ്ധത്തിൽ ചിഹ് യുവാൻ എന്ന ചൈനീസ് യുദ്ധക്കപ്പൽ ഒരു ജാപ്പനീസ് യൂണിറ്റ് തകർത്തിരുന്നു. എന്നാൽ ഫ്യൂജിയൻ എന്ന ചൈനയുടെ അഭിമാന വിമാനവാഹിനി കപ്പൽ ചിഹ് യുവാൻ പോലെ അല്ല, ഏത് സമുദ്രത്തിലും ആരോടും പോരാടാൻ പ്രാപ്തമായ ഒന്നാണ് എന്നും ചൈന എടുത്തു പറയുന്നു.
സത്യത്തിൽ എന്തുകൊണ്ട് ആണ് തായ്‌വാനെ ചൊല്ലി ചൈനയും ജപ്പാനും തമ്മിൽ ഇത്ര പ്രശ്‍നം? 1895-ലെ ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിൽ ചൈനീസ് രാജവംശം തായ്‌വാൻ ജപ്പാനു വിട്ടു കൊടുത്തതാണ്. ഏകദേശം 50 വർഷക്കാലം തായ്‌വാൻ ജാപ്പനീസ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നു എന്ന് തന്നെ പറയാം. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ പരാജയത്തിനുശേഷം ചൈനീസ് റിപ്പബ്ലിക് ഓഫ് ചൈന (ROC) തായ്‌വാന്‍റെ ഭരണം ഏറ്റെടുത്തു. പിന്നീട് 1949-ൽ ചൈനീസ് ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ചൈനയിൽ നിന്ന് തായ്‌വാന്‍ സ്വതന്ത്ര രാജ്യമായി നിലനിൽക്കുകയും ചെയ്യുന്നു. എന്നാല്‍ ചൈന ഇപ്പോഴും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന തായ്‌വാനെ സ്വന്തം പ്രവിശ്യയായി കണക്കാക്കുകയാണ്. ജപ്പാനാകാട്ടെ ഒരു കാരണവശാലും തായ്‌വാൻ ചൈനക്ക് വിട്ടുകൊടുക്കില്ലെന്ന കർശന നിലപാടിലുമാണ്.

ഇനി, ജപ്പാനും ചൈനയും തമ്മിൽ യുദ്ധ സമാന സാഹചര്യം ഉണ്ടാകുമോ എന്നാണ് ചോദ്യം? നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ജപ്പാനും ചൈനയും ഒരു സൈനിക ഏറ്റുമുട്ടൽ സാധ്യത ഇല്ലെങ്കിലും, തായ്‌വാനിലെ സെൻകാക്കസ്, വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖല തുടങ്ങിയ തർക്ക പ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന പ്രവർത്തനങ്ങൾ അപകട സാധ്യത വർദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ തർക്കം പ്രധാന വ്യാപാര പങ്കാളികൾ തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന ബീജിംഗിന്റെ മുന്നറിയിപ്പുകൾ വന്ന സാഹചര്യത്തിൽ വിഷയം ഗൗരവകരം എന്ന് തന്നെ മനസിലാക്കാം.
Content Highlights : China-Japan face off over dispute on Senkaku Islands