

ശരീരത്തിലെ അധികഭാരം കുറയ്ക്കുക എന്നത് ഒരു ദിവസംകൊണ്ട് നേടാവുന്ന കാര്യമല്ല. താല്‍കാലിക ശരീരഭാരം കുറയ്ക്കലും സ്ഥിരമായി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കലും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന കാര്യങ്ങളാണ് പോഷകാഹാര വിദഗ്ധന്‍ കുഷ് മല്‍ഹോത്ര പറയുന്നത്. മാത്രമല്ല ഒരു ആഴ്ചകൊണ്ട് 2 കിലോഗ്രാം ഭാരം എങ്ങനെ കുറയ്ക്കാമെന്നും കുഷ് വീഡിയോയില്‍ പറയുന്നുണ്ട്. ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും ദിവസവും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍വരെ കാര്‍ഡിയോ വ്യായാമം ചെയ്യുകയും ചെയ്താല്‍ ഭാരം കുറയുമെന്ന് കുഷ് മല്‍ഹോത്ര പറയുന്നു.
ദിവസം 250 മുതല്‍ 500 കലോറി വരെ കുറച്ചുകൊണ്ട് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് ഒന്ന് മുതല്‍ 1.5 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കേണ്ടതുണ്ട്. ആഴ്ചയില്‍ നാലോ അഞ്ചോ തവണ ഇതിനൊപ്പം കാര്‍ഡിയോ എക്‌സര്‍സൈസ് കൂടി ചെയ്യുക. ഇങ്ങനെയൊക്കെയാണെങ്കിലും പെട്ടെന്ന് ഭാരം കുറയ്ക്കണമെന്ന ചിന്ത ഒഴിവാക്കേണ്ടതാണ്. ക്ഷമയോടെ വേണം ആഹാരനിയന്ത്രണവും വ്യായാമവും ചെയ്യേണ്ടതെന്നും കുഷ് മല്‍ഹോത്ര ഓര്‍മിപ്പിക്കുന്നു.

ഒരു ദിവസം 500 ഗ്രാം കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ മാത്രമേ ഈ ശരീരഭാരംകുറയ്ക്കല്‍ രീതി സാധ്യമാകൂ എന്ന് പറയുമ്പോഴും ഒരു കാര്യം പ്രത്യേകം മനസില്‍ വയ്ക്കണമെന്നും കുഷ് വ്യക്തമാക്കുന്നുണ്ട്. ആളുകള്‍ വിചാരിക്കുന്നതുപോലെ ഒന്നോ രണ്ടോ ദിവസംകൊണ്ട് ശരീരഭാരത്തില്‍ വ്യത്യാസം ഉണ്ടാവുക എന്നാല്‍ ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞു എന്നല്ല അര്‍ഥമാക്കുന്നത്. മറിച്ച് അമിതമായ വെള്ളത്തിന്റെ ഭാരമാണ് കുറയുന്നതെന്ന് കുഷ് മുന്നറിയിപ്പ് നല്‍കുന്നു. കുഷിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവി എഡ്വീന രാജും വെള്ളവും കൊഴുപ്പും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
'ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പലരും തങ്ങളുടെ ശരീരത്തില്‍ അധിക വെളളമാണോ അതോ കൊഴുപ്പാണോ സംഭരിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകുന്നുണ്ട്.' എഡ്വീന രാജ് പറഞ്ഞു. വെളളത്തിന്റെ ഭാരം ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്‌തേക്കാം. വെള്ളത്തിന്‍റെ അളവ് കൂടുമ്പോള്‍ മുഖം വീര്‍ത്തതായോ വയറ് ചാടിയതായും തോന്നും. ഉപ്പ് കുറയ്ക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുമ്പോള്‍ വെള്ളംകൊണ്ടുള്ള ഭാരം വേഗത്തില്‍ കുറയുന്നു. എന്നാല്‍ കൊഴുപ്പ് കൂടുന്നതും കുറയുന്നതും സാവധാനത്തില്‍ നടക്കുന്ന പ്രക്രിയയാണ്. ഒറ്റരാത്രികൊണ്ട് ഇതിന് മാറ്റം സംഭവിക്കില്ല. കൊഴുപ്പ് ചര്‍മ്മത്തിനടിയിലോ അവയവങ്ങള്‍ക്ക് ചുറ്റുമോ സംഭരിക്കപ്പെടുന്നു. ഈ കൊഴുപ്പ് കുറയ്ക്കാന്‍ സമയമെടുക്കും.

ആരോഗ്യത്തിന് സുരക്ഷിതമായ രീതിയില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന് കലോറി കുറയ്ക്കുക എന്നത് പ്രധാനമാണ്. മിക്ക ആളുകള്‍ക്കും പ്രതിദിനം 250-500 കലോറി കൊഴുപ്പ് കുറച്ച് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കഴിയും. പക്ഷേ കൊഴുപ്പ് കുറയുമ്പോള്‍ പേശികളെ സംരക്ഷിക്കാനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തി അത് ബാലന്‍സ് ചെയ്യേണ്ടത് പ്രധാനമാണ്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Fitness coach shares how to lose 2 kg in 7 days