

ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കലും വൈകിയുള്ള സര്‍വീസും മൂലമുള്ള പ്രവാസികളുടെ യാത്രാ പ്രതിസന്ധി തുടരുന്നു. വ്യോമയാന മേഖലയിലെ പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് മേഖലയിലെ വിമാനകമ്പനികള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതും പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തണമെങ്കില്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇന്‍ഡിഗോ വിമാനങ്ങളുടെ റദ്ദാക്കലും വൈകിയുള്ള സര്‍വീസും മൂലമുള്ള പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് ഇപ്പോഴും പ്രവാസികള്‍. നിലവിലെ പ്രതിസന്ധി മുതലെടുത്ത് ചില വിമാനകമ്പനിയില്‍ ടിക്കറ്റ് നിരക്ക് കൂടി കൂട്ടിയതോടെ കടുത്ത പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിടുന്നത്. ആഭ്യന്തര വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താറുമാറായതോടെയാണ് വര്‍ദ്ധിച്ച ഡിമാന്റ് പരിഗണിച്ചുള്ള നിരക്ക് വര്‍ദ്ധനവ്.
ഡിസംബറിലെ അവധിക്കാലം, ക്രിസ്മസ്, പുതുവത്സര സീസണ്‍ എന്നിവ കാരണം ഗള്‍ഫ്-ഇന്ത്യ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് നേരത്തെ തന്നെ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ അധിക നിരക്ക് വര്‍ദ്ധന കൂടി വന്നിരിക്കുന്നത്. നേരത്തെ യുഎഇയില്‍ നിന്ന് 300-400 ദിര്‍ഹത്തിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ചുരുങ്ങിയത് ആയിരം ദിര്‍ഹമെങ്കിലും നല്‍കേണ്ട അവസ്ഥയാണ് നിലവിലുളളത്. ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകള്‍ തടസ്സപ്പെട്ടത് കണക്ഷന്‍ വിമാന യാത്രക്കാരെയും സാരമായി ബാധിച്ചു.
പൈലറ്റുമായുടെ ജോലി സമയം ക്രമീകരിക്കാന്‍ ഇന്‍ഡിഗോക്ക് ഡിജിസിഎ സമയം അനുവദിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍. പ്രശ്നം പരിഹരിക്കാനുളള തീവ്ര ശ്രമം നടക്കുന്നുവെന്നാണ് ഇന്‍ഡിഗോ വ്യക്തമാക്കുന്നത്. ഈ മാസം 15ഓട് കൂടി സര്‍വീസുകള്‍ പൂര്‍വ സ്ഥിതിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: IndiGo Cancellations Hit Expats; Other Airlines Raise Fares