'നെഹ്‌റുവിന്റെ വിമർശിക്കുന്നവർ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ'; ബിജെപിക്കെതിരെ സോണിയ ഗാന്ധി

മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും ഇത്തരം പദ്ധതികളെ ശക്തമായി നേരിടേണ്ടത് അത്യാവശ്യമാണെന്നും സോണിയ ഗാന്ധി

'നെഹ്‌റുവിന്റെ വിമർശിക്കുന്നവർ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ'; ബിജെപിക്കെതിരെ സോണിയ ഗാന്ധി
dot image

ന്യൂ ഡൽഹി: നെഹ്‌റുവിനെ നിരന്തരം വിമർശിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി. നെഹ്‌റുവിനെ താഴ്ത്തിക്കെട്ടാനും അപകീർത്തിപ്പെടുത്താനും, ചരിത്രത്തെ വളച്ചൊടിക്കാനുമാണ് ബിജെപിക്ക് താത്പര്യം എന്ന് സോണിയ ഗാന്ധി വിമർശിച്ചു. നെഹ്‌റു സെൻ്റർ ഇന്ത്യ പഠനകേന്ദ്രത്തിൻ്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരുപാടിയിലായിരുന്നു സോണിയ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടത്.

പൊതുപണം ഉപയോഗിച്ച് നെഹ്‌റു ബാബരി മസ്ജിദ് നിർമിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന രാജ്‌നാഥ് സിംഗിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു സോണിയ ഗാന്ധി. ബിജെപിയുടെ പേര് പറയാതെയായിരുന്നു സോണിയ ഗാന്ധിയുടെ വിമർശനം. 'നെഹ്‌റുവിനെ അപമാനിക്കാനാണ് നിലവിലെ ഭരണകൂടത്തിന്റെ ശ്രമം. നെഹ്‌റുവിനെ പൂർണമായും മായ്ച്ച് കളയാൻ മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാനമായിരുന്ന നിർണായക രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെ കൂടി നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്' എന്നും സോണിയ ഗാന്ധി പറഞ്ഞു. നെഹ്‌റുവിനെ വിമർശിക്കുന്നവർ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണെന്നും ഭരണഘടന നിർമാണത്തിൽ പോലും അവർക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നും സോണിയ ഗാന്ധി ആഞ്ഞടിച്ചു.

'മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പ് ഉത്പാദിപ്പിച്ച ഒരു പ്രത്യയശാസ്ത്രമാണത്. മഹാത്മാവിന്റെ കൊലയാളികളെ ഇന്നും അവരുടെ അനുയായികൾ മഹത്വവത്കരിക്കുകയാണ്. മതഭ്രാന്തും വർഗീയതയും മാത്രമുള്ള ഒരു പ്രത്യയശാസ്ത്രമാണത്'; സോണിയ ഗാന്ധി വിമർശിച്ചു. നെഹ്രുവിന്റെ ജീവിതം വിമർശനത്തിന് വിധേയമാക്കപ്പെടുന്നത് സ്വാഭാവികമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ തകർക്കാനും ചരിത്രത്തെ മാറ്റിയെഴുതാനുമുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

നെഹ്‌റു നേരിട്ട വെല്ലുവിളികളിൽ നിന്നെല്ലാം അദ്ദേഹത്തെ വേർപ്പെടുത്തി, ചരിത്രപരമായ സന്ദർഭങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും ഇത്തരം പദ്ധതികളെ ശക്തമായി നേരിടേണ്ടത് അത്യാവശ്യമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

Content Highlights: sonia gandhi against bjp on regularly criticizing nehru

dot image
To advertise here,contact us
dot image