

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് ക്ലബിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായി രോഹിത്.
വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 27 റൺസ് നേടിയതോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ക്ലബിലെത്തിയത്. മത്സരത്തിൽ ആകെ 73 പന്തിൽ 75 റൺസുമായി രോഹിത് പുറത്തായി.
ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ (34,357 റൺസ്), വിരാട് കോഹ്ലി (27,910), രാഹുൽ ദ്രാവിഡ് (24,208) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺവേട്ടയിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെ (20014 റൺസ്) മറികടന്ന് 13ാം സ്ഥാനത്തെത്താനും രോഹിത്തിന് കഴിഞ്ഞു.
മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് . ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് പിന്തുടരുന്ന ഇന്ത്യ 32 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 195 റൺസ് നേടിയിട്ടുണ്ട്. 73 പന്തിൽ 75 റൺസുമായി രോഹിത് പുറത്തായപ്പോൾ ജയ്‌സ്വാൾ 93 റൺസുമായും വിരാട് കോഹ്‌ലി 17 റൺസുമായും ക്രീസിലുണ്ട്.
നേരത്തെ വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ അവസാന ഓവറുകളിൽ ഇന്ത്യ തളച്ചിടുകയായിരുന്നു. 36 റൺസിനിടെ അഞ്ച് വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 38 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലായിരുന്നു. കുൽദീപ് യാദവും പ്രസിദ് കൃഷ്‍ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ നിരയിൽ ഡീ കോക്ക് സെഞ്ച്വറി നേടി. 89 പന്തിൽ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റൺസാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
ക്യാപ്റ്റൻ ടെംബ ബാവുമ 67 പന്തിൽ അഞ്ചുഫോറുകളും അടക്കം 48 റൺസ് നേടി. മാത്യു ബ്രീറ്റ്സ്കി 24 റൺസും ഡെവാൾഡ് ബ്രവിസ് 29 റൺസും കേശവ് മഹാരാജ് 20 റൺസും നേടി. പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ ഇന്നത്തെ മത്സരം നേടുന്നവർക്ക് പരമ്പരയും സ്വന്തമാക്കാം.
Content highlights: rohit sharma surpaass 2000 runs in cricket, big record