

അപ്രതീക്ഷിതമായി പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്നു, അത് ജീവന് തന്നെ ഭീഷണിയാകുന്നു.. യുവാക്കളെന്നോ പ്രായം ചെന്നവരെന്നോ വ്യത്യാസമില്ലാതെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാൻ ഈ അവസ്ഥ കാരണമാകുന്നുണ്ട്. ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നമ്മുടെ ശരീരം പലപ്പോഴും കാണിച്ച് തന്നിട്ടുണ്ടാകും. എന്നാൽ പലരും അതിനെ കാര്യമായി കാണാറില്ലെന്നതാണ് ജീവൻ തന്നെ അപകടത്തിലാക്കുന്നത്. ഹൃദയത്തിന്റെ താളം തെറ്റി തുടങ്ങിയെന്ന് ശരീരം മനസിലാക്കി തരുന്ന ആദ്യ ലക്ഷണം അതിരോസ്‌ക്ലീറോസിസാണ്. ഇവയെ പലരും അമിതജോലി ഭാരം മൂലമുണ്ടാകുന്ന പ്രശ്‌നമാണെന്ന് കരുതി തള്ളികളയും എന്നാൽ ഇവ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടതെന്ന് കാർഡിയോളജിസ്റ്റായ ഡോ അലോക് ചോപ്ര ഓർമിപ്പിക്കുന്നു.
നെഞ്ചുവേദന എന്ന സ്ഥിരം വില്ലനെയും സാധാരണയായി കണ്ട് തള്ളികളയാൻ പാടില്ല. കഠിനമായി അധ്വാനിക്കണമെന്നൊന്നുമില്ല ചില ജോലികൾ ചെയ്യുമ്പോൾ വിട്ടുമാറാതെ നെഞ്ചുവേദന ശല്യം ചെയ്താൽ അതിന് പിന്നിൽ ശരീരം നൽകുന്ന ഒരു മുന്നറിയിപ്പുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഹൃദയം ഇടതുവശത്തായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നെഞ്ചിന് നടുവിലായി സോളാർ പ്ലക്‌സസിന് സമീപമാകും ഈ വേദന വരിക. ഈ വേദന മുകളിലേക്ക് ഉയരുന്നതായി അനുഭവപ്പെടും. ആദ്യം ശ്വാസമുട്ടും കഴുത്തിൽ ഞെക്കിപ്പിടിക്കുന്ന പോലൊരു അവസ്ഥയുമുണ്ടാകും. പിന്നീട് ഈ വേദന മോണയ്‌ലേക്കാകും പോകുക. ഈ വേദന രണ്ട് കൈകളിലേക്കും എത്താം. വന്നും പോയിയും നിൽക്കാം. ധമനികളിൽ ബ്ലോക്ക് ഉണ്ടെന്നതിന്റെ ലക്ഷണമാണിത്. ഇതിനെ തള്ളിക്കളഞ്ഞാൽ അത് ഹൃദയാഘാതത്തിലേക്ക് നയിക്കും.
ദൈന്യദിന കാര്യങ്ങൾ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ശ്വാസമുട്ടലാണ് മറ്റൊരു ലക്ഷണം. കുറച്ചധികം പണിയെടുക്കുമ്പോൾ ഒരു ശ്വാസംമുട്ടലുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ അത് പരിധിവിടുന്നുണ്ടെന്ന് തോന്നിയാൽ തള്ളിക്കളയരുത്. നടക്കുമ്പോൾ, പടികൾ കയറുമ്പോൾ, ചെറിയ ജോലികൾ ചെയ്യുമ്പോഴൊക്കെ ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ ലക്ഷണമാണിത്. കാലുകളിലെ നീരും പെട്ടെന്നുള്ള ശരീരഭാര വർധനവും കണ്ടില്ലെന്ന് നടിക്കരുത്. പാദങ്ങൾ, കണങ്കാൽ എന്നിവടങ്ങിലാകും ഈ നീരു കാണുക. നീർവീക്കമുണ്ടാവുന്നത് ഹൃദയം പണിമുടക്കി തുടങ്ങി എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. കൃത്യമായി രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാത്ത അവസ്ഥയാണിതിന് കാരണം.
ദിവസവും മുഴുവൻ ഒന്നും ചെയ്യാൻ കഴിയാതെ ക്ഷീണവും അവശതയുമാണ് നിങ്ങൾക്കെങ്കിലും ശ്രദ്ധിക്കണം. എന്നും ചെയ്‌തോണ്ടിരുന്ന ജോലികൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ക്ഷീണിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പേശികളിലേക്ക് ഓക്‌സിജനെത്തുന്നില്ലെന്ന് വേണം കരുതാൻ.
തലകറക്കവും ബോധക്ഷയവും ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നത് സൂക്ഷിക്കേണ്ട കാര്യമാണ്. ഹൃദയമിടിപ്പിലുണ്ടാകുന്ന മാറ്റം പരിശോധിക്കാതെ പോയാൽ അപകടമാണ്. ഈ പറഞ്ഞവയൊന്നും ചെറിയ പ്രശ്‌നങ്ങളായി കണക്കാക്കരുത്. ഇവയെല്ലാം മുന്നറിയിപ്പാണ്. കൃത്യമായ ചികിത്സ ലഭിച്ചാൽ ഒരു ജീവൻ തന്നെ രക്ഷിക്കാൻ കഴിയുമെന്ന ഉറപ്പും ഡോക്ടർ നൽകുന്നുണ്ട്.
Content Highlights: The five signs that are warning signs of sudden Heart attack