ഗാസയിൽ ആറ് വയസ്സുകാരി ഹിന്ദ് റജബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; ഇസ്രയേൽ സൈനികർക്കെതിരെ ICCയിൽ പരാതി

ആർട്ടിക്കിൾ 15 പ്രകാരം 120 പേജുള്ള പരാതിയാണ് ഹേ​ഗിലെ അന്താരാഷ്ട്ര ക്രിനിമൽ കോടതിയിൽ എച്ചആർഎഫ് സമർപ്പിച്ചിരിക്കുന്നത്

ഗാസയിൽ ആറ് വയസ്സുകാരി ഹിന്ദ് റജബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; ഇസ്രയേൽ സൈനികർക്കെതിരെ ICCയിൽ പരാതി
dot image

​ഗാസയിൽ ആറ് വയസ്സുകാരി ഹിന്ദ് റജബിനെയും കുടുംബാം​ഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ഇസ്രയേലി സൈനികർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ (എച്ച്ആർഎഫ്). ആർട്ടിക്കിൾ 15 പ്രകാരം 120 പേജുള്ള പരാതിയാണ് ഹേ​ഗിലെ അന്താരാഷ്ട്ര ക്രിനിമൽ കോടതിയിൽ എച്ചആർഎഫ് സമർപ്പിച്ചിരിക്കുന്നത്. ഇസ്രയേലി സൈനികരെയും കമാൻഡ‍ർമാരെയും പ്രതികളാക്കിയാണ് പരാതി. ഇസ്രയേൽ സൈന്യത്തിൻ്റെ കവിചിത യൂണിറ്റ് നടത്തിയ ഏകപക്ഷീയ ആക്രമണത്തിൽ ഹിന്ദ് റജബും കുടുംബത്തിലെ ആറ് അംഗങ്ങളും പാരാമെഡിക്കൽമാരായ യൂസഫ് അൽ-സെയ്‌നോ, അഹമ്മദ് അൽ-മധൗൺ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

2024 ജനുവരിയിൽ ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ഇസ്രായേലി സൈനിക യൂണിറ്റുകളെ നേരത്തെ എച്ച്ആർഎഫുമായി സഹകരിച്ച് അൽ ജസീറ അറബിക് സംപ്രേഷണം ചെയ്ത 'ടിപ്പ് ഓഫ് ദി ഐസ്ബർഗ്' എന്ന അന്വേഷണ ഡോക്യുമെൻ്ററി തുറന്ന് കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എച്ച്ആർഎഫ് ഒക്ടോബർ 21ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചത്.

ഇസ്രായേലി കമാൻഡർമാരുടെ പേരുകൾ അടക്കം ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇസ്രായേലിന്റെ 401-ാമത്തെ കവചിത ബ്രിഗേഡിന് കീഴിൽ പ്രവർത്തിക്കുന്ന 52-ാമത്തെ കവചിത ബറ്റാലിയനിലെ വാമ്പയർ എംപയർ കമ്പനിയാണ് ആക്രമണം നടത്തിയതെന്നാണ് എച്ച്ആർഎഫ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 401-ാമത്തെ കവചിത ബ്രിഗേഡിന്റെ കമാൻഡർ കേണൽ ബെനി അഹരോൺ, 52-ാമത്തെ കവചിത ബറ്റാലിയന്റെ കമാൻഡർ ലെഫ്റ്റനന്റ് കേണൽ ഡാനിയേൽ എല്ല, വാമ്പയർ എംപയർ കമ്പനിയുടെ കമാൻഡർ മേജർ ഷോൺ ഗ്ലാസ് എന്നിവരുടെ പേര് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 22 ടാങ്ക് ക്രൂ അംഗങ്ങൾ കൂടി ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എച്ച്ആർഎഫ് പറയുന്നത്. ഐസിസിക്ക് നൽകിയ റിപ്പോർട്ടിൽ ഇവരുടെ പേര് രഹസ്യമായി നൽകിയിട്ടുണ്ടെന്നും എച്ച്ആർഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

എച്ചആർഎഫ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് നൽകിയ പരാതിയിൽ ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തിൻ്റെ ഡിജിറ്റൽ, സാറ്റലൈറ്റ്, ഫോറൻസിക് തെളിവുകളും ഉൾപ്പെട്ടിട്ടുണ്ട്. ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ച കറുത്ത കിയ പിക്കാന്റോയ്ക്ക് നേരെ ഇസ്രയേലി സൈന്യത്തിൻ്റെ മെർക്കാവ IV ടാങ്കുകൾ ആവർത്തിച്ച് വെടിയുതിർത്തതിൻ്റെ തെളിവുകളാണ് ഈ രേഖകളിൽ ഉള്ളത്. ഇവരെ രക്ഷിക്കാൻ എത്തിയ ആംബുലൻസിനെ സൈന്യം ലക്ഷ്യം വെച്ചതിൻ്റെ രേഖകളും ഇതിനൊപ്പമുണ്ട്. റോം നിയമത്തിലെ ആർട്ടിക്കിൾ 6, 7, 8 പ്രകാരമുള്ള യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ തുടങ്ങിയ പ്രവർത്തികൾ ഇസ്രയേൽ സൈന്യം നടത്തിയെന്നാണ് എച്ച്ആർഎഫ് പരാതിയിൽ പറയുന്നത്.

ഐസിസിക്ക് പരാതി നൽകിയതിന് പുറമെ നിരവധി രാജ്യങ്ങളിൽ നിലനിൽക്കുന്ന സാർവത്രിക അധികാരപരിധിയിലും ഇരട്ട പൗരത്വ അധികാരപരിധിയിലും ഉൾപ്പെടുന്ന നിയമനടപടികൾക്കും എച്ച്ആർഎഫ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാ​ഗമായി ടാങ്ക് ക്രൂ അംഗം ഇറ്റേ കുക്കിയർകോഫിനെതിരെ അർജന്റീനയിൽ ആദ്യ കേസ് എച്ച്ആർഎഫ് ഫയൽ ചെയ്തിട്ടുണ്ട്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിൽ ഫയൽ ചെയ്യാൻ കൂടുതൽ പരാതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും എച്ച്ആർഎഫ് വ്യക്തമാക്കി.

2024 ജനുവരി 29-നാണ് ​ഗാസ സിറ്റിക്ക് സമീപം ടെൽ അൽ-ഹവയിൽ വെച്ച് ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രയേലി ടാങ്കുകൾ ഏകപക്ഷീയമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ റജബിൻ്റെ അമ്മാവനും അമ്മായിയും അടുത്ത മൂന്ന് ബന്ധുക്കളും തൽക്ഷണം കൊല്ലപ്പെട്ടു. അഞ്ച് വയസ്സുകാരിയും ഒരു ബന്ധുവും ആദ്യ ആക്രമണത്തെ അതിജീവിച്ചു. ബന്ധുക്കളുടെ മൃതദേഹങ്ങൾക്ക് നടുവിൽ നിന്ന് ഹിന്ദ് രജബ് പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയോട് സഹായത്തിനായി അഭ്യർത്ഥിച്ചു. പിന്നാലെ രജബിൻ്റെ മുന്നിൽ വെച്ച് ബന്ധുവായ പെൺകുട്ടിയും കൊല്ലപ്പെട്ടു. നിസ്സഹായയായി ഉറ്റവരുടെ മൃതദേഹങ്ങളെ മറയാക്കി ആ അഞ്ചുവയസ്സുകാരി മണിക്കൂറുകളോളം രക്ഷാപ്രവർത്തകരെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ ഇസ്രയേലി സൈന്യത്തിന് ഒരുദയയും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും ആ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം രജബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ പതിച്ചത് 335 വെടിയുണ്ടകളാണ്.

പ്രദേശത്ത് സൈനികരില്ലെന്നായിരുന്നു സംഭവത്തിൽ നിന്നും തലയൂരാനായി ഇസ്രയേലിൻ്റെ അവകാശവാദം. വാഷിംഗ്ടൺ പോസ്റ്റ്, സ്കൈ ന്യൂസ്, ഫോറൻസിക് ആർക്കിടെക്ചർ എന്നിവയുടെ അന്വേഷണത്തിൽ പിന്നീട് ഇസ്രായേലി ടാങ്കുകൾ അവിടെയുണ്ടായിരുന്നുവെന്നും ഹിന്ദിൻ്റെ കാറിലും ആംബുലൻസിലും വെടിയുതിർത്തിരിക്കാമെന്നും റിപ്പോ‍ർട്ടുകൾ വന്നു. കാറിനകത്തുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാരെ സൈനികർക്ക് കാണാൻ കഴിയുമായിരുന്നു എന്നും തെളിവുകൾ ചൂണ്ടിക്കാണിച്ചു. പിന്നീട് ഹിന്ദ് റജബിൻ്റെ അവസാന മണിക്കൂറുകൾ ടുണീഷ്യൻ സംവിധായകൻ കൗതർ ബെൻ ഹാനിയ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന പേരിൽ സിനിമയാക്കിയിരുന്നു. ഇക്കഴിഞ്ഞ വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമയ്ക്ക് സിൽവർ ലയൺ അവാർഡ് ലഭിച്ചിരുന്നു.

അവളെ രക്ഷിക്കാൻ ഒരു ആംബുലൻസ് അയച്ചെങ്കിലും ഷെല്ലാക്രമണം നടത്തി നശിപ്പിച്ചു. അകത്തുണ്ടായിരുന്ന രണ്ട് ഡോക്ടർമാരും തൽക്ഷണം കൊല്ലപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം, രക്ഷാപ്രവർത്തകർ അവളുടെ കസിൻ ലയന്റെ അരികിൽ ഹിന്ദിന്റെ മൃതദേഹം കണ്ടെത്തി.

dot image
To advertise here,contact us
dot image