
നിശബ്ദ കൊലയാളി എന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സറിനെ വിളിക്കുന്നത് തന്നെ. കാരണം തുടക്കത്തില്‍ കാന്‍സര്‍ കണ്ടെത്തുക പ്രയാസമാണ്. സാധാരണഗതിയില്‍ വയറുവേദന, മഞ്ഞപ്പിത്തം, ശരീരഭാരം കുറയുക എന്നിവയൊക്കെയാണ് ലക്ഷണമെങ്കിലും കാലുകളിലും പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങള്‍ കാണപ്പെടാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ കാന്‍സര്‍ മൂലം മരണനിരക്കും കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് അതിജീവനത്തിന് സഹായിക്കും.എന്തൊക്കെയാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉളളവര്‍ക്ക് കാലില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളെന്നറിയാം.
കാലുകളില്‍ തുടര്‍ച്ചയായതും സഹിക്കാനാവാത്തതുമായ വേദന അനുഭവപ്പെടുന്നതാണ് ഇതിലെ ഒന്നാമത്തെ ലക്ഷണം. കാലുകളിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ 'ഡീപ്പ് വെയിന്‍ ത്രോംബോസിസ്'(DVD) മൂലമാണ് ഈ അസ്വസ്ഥത ഉണ്ടാകുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നിരീക്ഷണമനുസരിച്ച് കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം രക്തംകട്ടപിടിക്കലിന് കാരണമാകുന്നു.
കാലുകളില്‍ നല്ലവണ്ണം നീര്‍വീക്കമുണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്. ഇത് രക്തം കട്ടപിടിക്കുന്നതുകൊണ്ടോ മറ്റ് രക്തചംക്രമണ പ്രശ്‌നങ്ങള്‍ കൊണ്ടോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗികളില്‍ ഇങ്ങനെ നീര്‍വീക്കമുണ്ടാകുന്നത് ഡീപ്പ് വെയിന്‍ ത്രോംബോസിസുമായി ബന്ധപ്പെട്ടിരിക്കാം. അതല്ലെങ്കില്‍ ട്യൂമര്‍ വളര്‍ച്ച ഉണ്ടാകുമ്പോള്‍ രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദമുണ്ടായി രക്തയോട്ടം തകരാറിലാകുന്നതും കൊണ്ടും സംഭവിക്കാവുന്നതാണ്.
കാലുകളിലെ തൊലിപ്പുറത്ത് ചുവപ്പ് നിറം ഉണ്ടാകുന്നത് നീര്‍വീക്കത്തിന്റെയോ അണുബാധയുടെയോ ലക്ഷണമായേക്കാം. രക്തം കട്ടപിടിക്കുമ്പോള്‍ അതിനെ ചെറുക്കാനായി രക്തയോട്ടം വര്‍ധിക്കുന്നതിനാലാണ് ഇത്തരത്തില്‍ ചുവപ്പ്‌നിറമുണ്ടാകുന്നത്.
കാലിലെ നീരുള്ള ഭാഗത്ത് ചൂട് അനുഭവപ്പെടാറുണ്ട്. രക്തം കട്ടപിടിക്കുന്നതിന്റെയോ ട്യൂമറിന്റെയോ പ്രതിപ്രവര്‍ത്തനഫലമായിട്ടാണ് പലപ്പോഴും ചൂട് അനുഭവപ്പെടുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉള്ളവരില്‍ മഞ്ഞപ്പിത്തം അല്ലെങ്കില്‍ വയറുവേദന പോലുള്ള ലക്ഷണങ്ങള്‍ക്ക് മുന്‍പായി ഈ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടും.
ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും തള്ളിക്കളയരുത്. ഇവ പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ആദ്യകാല സൂചനകളായിരിക്കാം.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Symptoms of pancreatic cancer can also be seen in the legs