
ലോകാവസാനം എന്ന്? ഭീതിയോടെയും കൗതുകത്തോടെയും മനുഷ്യൻ എക്കാലവും ഉത്തരം തേടിയ ചോദ്യങ്ങളാണിവ. 2012ൽ ലോകം അവസാനിക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന്റെ പേരിൽ സിനിമ വരെ ഇറങ്ങിയിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ വീണ്ടും അത്തരത്തിലൊരു ചർച്ച ഉയർന്നുവന്നിരിക്കയാണ്. നാസയും ജപ്പാനിലെ ടോഹോ സർവകലാശാലയും ചേർന്ന് നടത്തിയ ഒരു ഗവേഷണമാണ് ഭൂമിയുടെ നിലനില്പിനെപ്പറ്റി ചില സുപ്രധാന വിവരങ്ങൾ നൽകുന്നത്.
അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനുകളും നൂതനമായ കാലാവസ്ഥാ മോഡലിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ്, മുൻപ് കരുതിയതിനേക്കാൾ വേഗത്തിൽ ഭൂമി വാസയോഗ്യമല്ലാതാകുമെന്ന് നാസ മുന്നറിയിപ്പ് നൽകുന്നത്.
വർധിച്ചുകൊണ്ടേയിരിക്കുന്ന സോളാർ റേഡിയേഷൻ, കാലാവസ്ഥാ വ്യതിയാനം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ, സൂര്യന്റ പരിണാമം തുടങ്ങി നിരവധി സംഭവവികാസങ്ങൾ നാം കരുതുന്നതിനേക്കാൾ വേഗത്തിൽ ഭൂമിയെ ബാധിക്കുകയാണ് എന്നാണ് പഠനം. എങ്ങനെയാണ് ഉയർന്ന താപനില, മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ സാഹചര്യങ്ങൾ, സമുദ്രത്തിലെ തടസ്സങ്ങൾ, ദീർഘകാല സൗരോർജ്ജ മാറ്റങ്ങൾ എന്നിവ നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നും പഠനം പറയുന്നു. ഭൂമിയുടെ ദുർബലത, മറ്റ് ഗൃഹങ്ങളിലെ വാസസാധ്യത എന്നിവയിലേക്കും ഈ പഠനം വിരൽചൂണ്ടുകയാണ്.
ഭൂമിയുടെ അവസ്ഥ എന്താകുമെന്ന ചോദ്യം ഗവേഷകരെ എന്നും ആകർഷിച്ചിട്ടുളള ഒന്നാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഭൂമിയുടെ അന്തരീക്ഷം, സോളാർ റേഡിയേഷൻ, പാരിസ്ഥിതികമായ സാഹചര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ന് നിരവധി പഠനങ്ങൾ നടത്താൻ കഴിയും. നാസയുടെ ഏറ്റവും പുതിയ പഠനം ഭൂമിയിൽ ആവാസ വ്യവസ്ഥ കുറയുന്നതിന്റെ സമയക്രമത്തെക്കുറിച്ച് വലിയ ചർച്ചകളാണ് തൂറന്നിടുന്നത്. പരിസ്ഥിതി സാഹചര്യങ്ങൾ എങ്ങനെ മനിഷ്യജീവനു ഭീഷണിയാകും എന്നാണ് ഈ പഠനങ്ങളെല്ലാം പറയുന്നത്.
ഭൂമിക്ക് ഏറ്റവും കൂടുതൽ 'പണി' തരിക സൂര്യനായിരിക്കും എന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് വർഷങ്ങൾക്കുള്ളിൽ സൂര്യനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പ്രവചിക്കപ്പെടുന്നത്.
വലുപ്പവും തെളിച്ചവും വർധിച്ച് സൂര്യൻ ഭൂമിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. നാസയുടെ ലീഡ് ഗവേഷകയായ കസുമി ഒസാകി പറയുന്നത് ഇങ്ങനെയാണ്; "വർഷങ്ങളായി, സൂര്യന്റെ പ്രകാശത്തെ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ്സ് ചർച്ച ചെയ്യപ്പെട്ടിരുന്നത്. അതിനാൽ സോളാർ റേഡിയേഷനിൽ ചെറിയ വർധനവ് വന്നാൽ പോലും അത് ഭൂമിയിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാകും". വർഷം 1,000,002,021ൽ താപനില ഏറ്റവും ഉയരത്തിലെത്തുമെന്നും ആർക്കും അതിജീവിക്കാനാകാത്ത തലത്തിലേക്ക് അവ മാറുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഭൂമി വർഷങ്ങളോളം നിലനിന്നാലും മനുഷ്യരുടെ നിലനിൽപ്പ് പെട്ടെന്ന് അപകടത്തിലാകും എന്നതും പഠനം പറയുന്നുണ്ട്. സൂര്യനിൽ കണ്ടുവരുന്ന മാറ്റങ്ങൾക്ക് മുൻപായിത്തന്നെ ഓക്സിജന്റെ അളവ് കുറയുക, മനുഷ്യരാശിക്ക് വേണ്ട വിഭവങ്ങളുടെ കുറവ് എന്നിവ നമ്മെ നിർണായകമായ ഒരു ഘട്ടത്തിലേക്ക് എത്തിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തോതും വേഗവും വർധിക്കുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കണ്ടെത്തൽ. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ, വനനശീകരണം തുടങ്ങിയ സംഭവങ്ങളാണ് ഇവയ്ക്ക് കാരണം. ഭാവിയിൽ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞേക്കുമെന്നും ഇതെല്ലാം ഭൂമിയെ വാസയോഗ്യമല്ലാതാകുമെന്നും പഠനം പറയുന്നു. കൊറോണൽ മാസ് ഇജക്ഷനുകൾ, സൗര കൊടുങ്കാറ്റുകൾ എന്നിവയും ഭൂമിയെ കൂടുതൽ ദുർബലപ്പെടുത്തിയേക്കാം.
സൂര്യന്റെ താപനില വർധനവ് സമുദ്രങ്ങളുടെ ബാഷ്പീകരണത്തിനാണ് വഴിവെക്കുക. ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിന് സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്തരത്തിൽ കാലാവസ്ഥാ മാറ്റം ഉണ്ടായി കടലുകൾ ഇല്ലാതെയായാൽ മനുഷ്യജീവനും മറ്റ് ജന്തുജാലങ്ങളുടെ ജീവനും ഭീഷണിയാകും. ഇവയെയെല്ലാം മറികടക്കാൻ മനുഷ്യൻ ഇപ്പോൾ പല വഴികൾ തേടുന്നുണ്ട്. മറ്റ് ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്ന പരീക്ഷണം മനുഷ്യർ നടത്തിവരികയാണ്. എന്തായാലും വെല്ലുവിളികൾ ചെറുതല്ല എന്നും അതിനെ അതിജീവിക്കലും ചെറിയ കാര്യമല്ല എന്നും ഗവേഷകർ പറഞ്ഞുവെക്കുകയാണ്.
Content Highlights: nasa scientists study on earths atmosphere and existence