
ലഖ്‌നൗ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് കൊലപാതകം നടത്തി മൃതദേഹം വീടിനുള്ളില്‍ കുഴിച്ചുമൂടിയ 48കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലാണ് ഹരികിഷന്‍ ഭാര്യ ഫൂലം ദേവിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരികിഷനെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഒക്ടോബര്‍ ആറിനായിരുന്നു ഫൂലം ദേവിയെ കാണാതാവുന്നത്. ഇതെ തുടര്‍ന്ന്, അവരുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന് ശേഷം ഹരികിഷന്റെ വീട്ടിലെത്തിയ സഹോരന്‍ കട്ടിലിനടിയില്‍ ഒരു കുഴി കുഴിച്ചിരിക്കുന്നതായി കണ്ടെത്തി. അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും മുറി കുഴിച്ച് നോക്കുകയും ചെയ്തു. പൊലീസിന്റെ തിരച്ചിലില്‍ അഴുകിയ നിലയിലുള്ള ഫൂലന്‍ ദേവിയുടെ മൃതദേഹം കണ്ടെടുത്തു. ആറടി താഴ്ച്ചയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. എന്നാല്‍ പൊലീസ് എത്തും മുന്‍പ് ഹരികിഷന്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇയാളെ കണ്ടെത്തി. ഹരിയാനയില്‍ കൂലിപ്പണി ചെയ്യുന്നയാളാണ് ഹരികിഷന്‍. അവധിക്ക് നാട്ടിലെത്തിയപ്പോളാണ് പ്രദേശത്ത് തന്നെയുള്ള ഗുഡ്ഡു എന്നയാളുമായി ഫൂലം ദേവിക്ക് പ്രണയമുണ്ടെന്ന് ഇയാള്‍ക്ക് സംശയം തോന്നുന്നത്. ഇതിന്റെ പകയിലാണ് ഹരികിഷന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
Content Highlight; UP man murders wife over affair, buries her body at home, arrested