
തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ രൂക്ഷ പ്രതികരണവുമായി ഗായകൻ ലക്കി അലി. ജാവേദ് അക്തർ ഒരു പരിപാടിയിൽ സംസാരിക്കുന്ന പഴയ വീഡിയോയുടെ ചില ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതിലെ പരാമർശങ്ങൾക്കെതിരെയാണ് ലക്കി അലി കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നതിനെ കുറിച്ചാണ് ജാവേദ് അക്തർ വെെറലാകുന്ന വീഡിയോയില്‍ സംസാരിക്കുന്നത്. ഹിന്ദുക്കൾ തീവ്ര മുസ്ലിങ്ങളെ പോലെ ആകാൻ ശ്രമിക്കരുതെന്നും ജാവേദ് അക്തർ അഭിപ്രായപ്പെടുന്നുണ്ട്. ഷോലെ പോലുള്ള സിനിമകൾ പുറത്തിറങ്ങിയ കാലഘട്ടത്തെയും ഇന്ന് സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജാവേദ് അക്തർ സംസാരിക്കുന്നത്.
'ഷോലെ സിനിമയിൽ ശിവന്റെ പ്രതിമയ്ക്ക് പിന്നിൽ മറഞ്ഞിരുന്നുകൊണ്ട് ധർമേന്ദ്രയുടെ കഥാപാത്രം സംസാരിക്കുന്ന രംഗമുണ്ട്. അതുകേട്ട് ഹേമമാലിനിയുടെ കഥാപാത്രം ശിവനാണ് തന്നോട് സംസാരിക്കുന്നത് എന്ന് കരുതുകയാണ്. ധര്‍മേന്ദ്ര പറയുന്നതെല്ലാം ദെെവം പറയുന്നതാണെന്ന് കരുതി ആ കഥാപാത്രം വിശ്വസിക്കുന്നു. ഇന്ന് ഒരു സിനിമയിൽ അങ്ങനെയൊരു രംഗം എഴുതാൻ കഴിയുമോ. ഇല്ല, എനിക്ക് അങ്ങനെയൊരു സീൻ ഇന്ന് എഴുതാൻ കഴിയില്ല. ഷോലെ റിലീസ് ചെയ്ത 1975ൽ ഇവിടെ ഹിന്ദുക്കൾ ഉണ്ടായിരുന്നില്ലേ. ധർമസംരക്ഷകർ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നു.
ഞാൻ നേരത്തെയും പറഞ്ഞ ഒരു കാര്യം ഇവിടെ ആവർത്തിച്ചു പറയുകയാണ്. ഹിന്ദുക്കളേ നിങ്ങൾ മുസ്ലിങ്ങളെ പോലെ ആവാതിരിക്കൂ. മുസ്ലിങ്ങളെ നിങ്ങളെ പോലെയാക്കുകയാണ് വേണ്ടത്. പക്ഷെ നിങ്ങൾ മുസ്ലിങ്ങളെ പോലെ ആവുകയാണ്. അതൊരു വല്ലാത്ത ദുരന്തമാണ്.
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ ശക്തി എന്താണെന്ന് അറിയാമോ… നമ്മൾ എന്തുകൊണ്ടാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തരായി ഇരിക്കുന്നത് എന്നറിയാമോ..അതിന് കാരണം ജനാധിപത്യമാണ്. മെഡിറ്ററേനിയൻ തീരങ്ങളിലേക്ക് ഒന്ന് ചെന്നുനോക്കിയാല്‍ കാണാം ജനാധിപത്യം ഇല്ലാത്ത അവസ്ഥ എങ്ങനെയാണെന്ന്,' ഇങ്ങനെയാണ് ജാവേദ് അക്തർ പറയുന്നത്. അന്ന് അദ്ദേഹം വേദിയിൽ വെച്ച് സംസാരിച്ചതിലെ ഒരു മിനിറ്റ് മാത്രമാണ് ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ ഉള്ളത്.
ഈ വീഡിയോക്ക് താഴെയാണ് ലക്കി അലി കമന്റുമായി എത്തിയത്. സ്വന്തമായി അഭിപ്രായമില്ലാത്ത വൃത്തികെട്ട മനുഷ്യനാണ് ജാവേദ് അക്തർ എന്നാണ് ലക്കി അലിയുടെ വാക്കുകൾ. അതേസമയം, ജാവേദ് അക്തറിന്റെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തുന്നുണ്ട്.
Content Highlights: Singer Lucky Ali slams Javed Akthar over Hindu-Muslim comment