ബ്രഹ്മോസിനേക്കാൾ പ്രഹര ശേഷി...; വരുന്നു ഇന്ത്യയുടെ പുത്തൻ മിസൈൽ

ചൈനയിലും പാകിസ്താനിലും പാഞ്ഞെത്താൻ വെറും മിനുട്ടുകൾ മാത്രം, ബ്രഹ്മോസിനേക്കാൾ പ്രഹര ശേഷി...വരുന്നു ഇന്ത്യയുടെ പുത്തൻ മിസൈൽ സംവിധാനം

ബ്രഹ്മോസിനേക്കാൾ പ്രഹര ശേഷി...; വരുന്നു ഇന്ത്യയുടെ പുത്തൻ മിസൈൽ
dot image

ഏകദേശം 5500 കിലോമീറ്ററിന് മുകളിൽ പ്രഹരപരിധി, ശബ്ദത്തേക്കാൾ 21 മടങ്ങ് വരെ വേഗത…ചൈനയിലും പാകിസ്താനിലും പാഞ്ഞെത്താൻ വെറും മിനുട്ടുകൾ മാത്രം…പറഞ്ഞു വരുന്നത് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്താൻ പോകുന്ന ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈലിനെ കുറിച്ചാണ്. 'ധ്വനി' എന്നാണ് ഇന്ത്യയുടെ ഈ സ്വകാര്യ അഭിമാനത്തിൻ്റെ പേര് . ഓപ്പറേഷൻ സിന്ദൂറിനു ശേഷം, നൂതന മിസൈൽ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ, റഡാർ ശൃംഖലകൾ എന്നിങ്ങനെയുള്ള വൻ പദ്ധതികളിലൂടെ പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റം നടത്താൻ തയ്യാറായി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇന്ത്യ. അതിനായി മിസൈൽ രംഗത്തെ അടുത്ത വലിയൊരു ചുവടുവെപ്പായിട്ടാണ് ധ്വനി എന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ പരീക്ഷണം രാജ്യം നടത്താൻ പോകുന്നത്. അതേ…പാകിസ്താനെയും ചൈനയെയും വിറപ്പിക്കാനുള്ള ഇന്ത്യയുടെ തുറുപ്പ് ചീട്ട്, അത് തന്നെയാണ് ധ്വനി.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിക്കുന്ന, ധ്വനി ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ആണ്. മണിക്കൂറിൽ ഏകദേശം 7,400 കിലോമീറ്റർ വേഗതയിൽ പറക്കുന്ന വിധമാണ് ധ്വനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ലക്ഷ്യ സ്ഥാനത്ത് എത്തും മുൻപ് തന്നെ ശത്രു കേന്ദ്രത്തെ ഉന്നം വെയ്ക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂ‍ർത്തിയാക്കാൻ കെൽപ്പുള്ള മിസൈൽ സംവിധാനമാണ് ധ്വനി. പരമ്പരാഗത ക്രൂയിസ് മിസൈലുകളെ പോലെ അല്ല, വളരെ ഉയരത്തിലേക്ക് ആണ് ധ്വനി വിക്ഷേപിക്കപ്പെടുക. ഖര ഇന്ധനം ഉപയോഗിച്ച് കുതിക്കുന്ന ബൂസ്റ്റർ റോക്കറ്റിൽ നിന്ന് 40 മുതൽ 5 കിലോമീറ്റർ ഉയരത്തിൽ വെച്ച് ധ്വനി വേർപെടും. തുടർന്ന് അന്തരീക്ഷത്തിന്റെ മെസോസ്ഫിയർ എന്ന ഭാഗത്തുകൂടിയാകും ധ്വനി സഞ്ചരിക്കുക.


അതിനു ശേഷം എയ്റോ ഡൈനാമിക് ലിഫ്റ്റ് വഴി സ്പീഡ് കൂട്ടി ലക്ഷ്യത്തിലേക്ക് പറക്കും. ഈ പ്രഹര ശേഷി ഉള്ളതുകൊണ്ട് തന്നെ ഇസ്രായേലിന്റെ അയൺ ഡോം, അമേരിക്കയുടെ THAAD പോലുള്ള നൂതന കവചങ്ങൾ ഉൾപ്പെടെ നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പിടിയിൽ ധ്വനി അകപ്പെടില്ല എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഒരു വശത്ത് ചൈനയുടെ വർധിച്ചുവരുന്ന ഹൈപ്പർസോണിക് ഭീഷണികൾ , മറു വശത്ത് ചൈനയിൽ നിന്ന് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ സ്വന്തമാക്കാൻ ശ്രമിക്കുന്ന പാകിസ്താൻ…ഈ രണ്ടു ഭീഷണികളെയും മുന്നിൽ കണ്ടാണ് ധ്വനിയുടെ രൂപകൽപന DRDO നടത്തിയിട്ടുള്ളത്. ഈ വ‍‍ർഷം അവസാനത്തോടെ മിസൈലിന്റെ പരീക്ഷണം നടത്താനാകുമെന്നാണ് DRDO പ്രതീക്ഷിക്കുന്നത്. ഇതിന് സാധിച്ചാൽ, ഹൈപ്പർസോണിക് സാങ്കേതിക വിദ്യയുള്ള യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Dhvani missile

ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം യും സംയുക്തമായി നിർമ്മിച്ച സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസിനേക്കാൾ മാരകമാണ് ധ്വനിയുടെ പ്രഹരശേഷിയെന്നാണ് റിപ്പോ‍ർട്ട്. ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈലിനെ വരെ കടത്തി വെട്ടും എന്ന് പറയുമ്പോൾ അതിന്റെ പ്രഹര ശേഷി എത്രെയെന്ന നമുക്ക് ഊഹിക്കാം. വിക്ഷേപിച്ച് 15 മിനിറ്റിനുള്ളിൽ ചൈനയിലെ ടിബറ്റൻ പീഠഭൂമി മുതൽ ദക്ഷിണ ചൈനാ കടൽ വരെ എത്താൻ ധ്വനിക്ക് സാധിക്കും. കൂടാതെ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെറും മൂന്നുമിനിറ്റിനുള്ളിൽ പാഞ്ഞെത്തി ആക്രമിക്കാനും ധ്വനിക്കും കഴിയും. ചുരുക്കി പറഞ്ഞാൽ പെട്ടെന്നൊരു ആക്രമണം ഉണ്ടായാൽ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തയ്യാറെടുക്കാനുള്ള സമയം പോലും കിട്ടില്ലെന്ന് സാരം. തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ സംരക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ എച്ച്ക്യു-19, പാകിസ്താൻ ചൈനയിൽനിന്ന് വാങ്ങിയ എച്ച്ക്യു-9 എന്നീ പ്രതിരോധ സംവിധാനങ്ങൾക്ക് ഒരു വെല്ലുവിളി തന്നെയാണ് ഇന്ത്യയുടെ ധ്വനി.

എന്തായാലും ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയുടെ ആയുധ ശേഷിയും സാങ്കേതിക വിദ്യയിലെ മുന്നേറ്റവും കണ്ട ലോക രാജ്യങ്ങൾ ഇനി കാണാൻ പോകുന്നത് ധ്വനിയുടെ പ്രഹര ശേഷിയാണ്. ധ്വനിയുടെ വരവ് ഇന്ത്യയുടെ തന്ത്രപരവും പ്രാദേശികവുമായ സുരക്ഷയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുകയും ആഗോള ശക്തി സന്തുലിതാവസ്ഥയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും എന്ന് തീർച്ച.

Content Highlights: Dhvani: The Indian hypersonic to beat Pakistan and China

dot image
To advertise here,contact us
dot image