പാതിരാത്രി വഴിയില്‍ കുടുങ്ങി യുവാവ്, തുണയായത് വനിതാ ഓട്ടോ ഡ്രൈവര്‍; കുറിപ്പ് വൈറല്‍

'ഊബറില്‍ കാണിച്ച തുക കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അത്രയും വേണ്ട എന്നായിരുന്നു അവരുടെ മറുപടി'

പാതിരാത്രി വഴിയില്‍ കുടുങ്ങി യുവാവ്, തുണയായത് വനിതാ ഓട്ടോ ഡ്രൈവര്‍; കുറിപ്പ് വൈറല്‍
dot image

ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പാതിരാത്രി വഴിയില്‍ കുടുങ്ങിപ്പോയ തനിക്ക് സഹായമായി എത്തിയ വനിതാ ഓട്ടോ ഡ്രൈവറെ കുറിച്ചാണ് വരുണ്‍ അഗര്‍വാള്‍ ഈ കുറിപ്പില്‍ പറയുന്നത്.

ഇന്ദിരാനഗറില്‍ നിന്നും കോര്‍മംഗലയിലേക്കായിരുന്നു വരുണിന് പോകേണ്ടിയിരുന്നത്. പക്ഷെ രാത്രിയായതുകൊണ്ട് ടാക്‌സിയോ ഊബറോ ലഭിക്കുന്നില്ലായിരുന്നു. വഴിയിലൂടെ പോയ നിരവധി ഓട്ടോക്കാര്‍ക്ക് കൈ കാണിച്ചെങ്കിലും പലരും നിര്‍ത്തിയില്ല. നിര്‍ത്തിയവര്‍ തന്നെ കോറമംഗല ദൂരയാണെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ഒരു കിലോമീറ്ററോളം ഇങ്ങനെ ഓട്ടോ അന്വേഷിച്ച് വരുണ്‍ നടന്നു.

നിരാശനായി നടക്കുന്നതിനിടയിലാണ് റോഡിന്റെ അരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയുമായി വനിതാ ഡ്രൈവറെ കാണുന്നത്. അവരോട് ചോദിച്ചപ്പോഴും ഇന്നത്തെ വര്‍ക്ക് കഴിഞ്ഞുവെന്നും നേരം വൈകിയതുകൊണ്ട് വീട്ടിലേക്ക് പോകാന്‍ നില്‍ക്കുകയാണ് എന്നുമായിരുന്നു മറുപടി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ച് വരുണ്‍ മുന്നോട്ട് നടന്നു. വരുണിന്റെ അവസ്ഥ മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ പിന്നാലെയെത്തി ഓട്ടം പോകാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

'ബുദ്ധിമുട്ടേണ്ടെന്നും താന്‍ വേറെ ഓട്ടോ നോക്കാമെന്നും ഞാന്‍ അവരോട് പറഞ്ഞു. പക്ഷെ ഓട്ടം പോകാന്‍ തയ്യാറാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ഓട്ടോ കിട്ടുന്ന മറ്റ് എവിടെയങ്കിലും അവര്‍ക്ക് എന്നെ ഇറക്കിവിടാമായിരുന്നു. പക്ഷെ കോറമംഗല വരെയും അവര്‍ വന്നു. യാത്ര തുടങ്ങും മുന്‍പ് എത്ര കാശ് വേണ്ടി വരുമെന്നതിനെ കുറിച്ചൊന്നും തന്നെ അവര്‍ സംസാരിച്ചില്ല.

കോറമംഗലയിലേക്ക് ഊബറില്‍ 300 രൂപയായിരുന്നു കാണിച്ചത്. പക്ഷെ ഇവര്‍ എന്റെ കയ്യില്‍ നിന്നും 200 രൂപ മാത്രമാണ് വാങ്ങിയത്. 300 രൂപ വാങ്ങിക്കണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവര്‍ മടങ്ങുകയായിരുന്നു. അടുത്ത കാലത്ത് എനിക്കുണ്ടായ ഏറ്റവും മികച്ച ഓട്ടോ യാത്ര അനുഭവമായിരുന്നു അത്. നമുക്ക് കൂടുതല്‍ വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യമാണ്,' വരുണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വരുണിന്റെ കുറിപ്പിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഡ്രൈവറുടെ കരുണയെ പുകഴ്ത്തിയാണ് ഏവരും സംസാരിക്കുന്നത്. ഇങ്ങനെയൊക്കെ സഹായിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ കാണാന്‍ പ്രയാസമാണെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാരിലെ കുറച്ച് പേര്‍ മാത്രമാണ് മോശമായി പെരുമാറുന്നതെന്നും എന്നാല്‍ പഴി എല്ലാവര്‍ക്ക് മേലും എത്തുകയാണെന്നാണ് ഇതിന് ചിലരുടെ മറുപടി.

Content Highlights: Bengaluru man shares a warm experience from a woman auto driver

dot image
To advertise here,contact us
dot image