
ഫഹദ് ഫാസിലിനെ നായകനാക്കി എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ നിർമിക്കുന്ന പുതിയ പാൻ ഇന്ത്യൻ സിനിമയാണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'. ഒരു ഫാന്റസി ഡ്രാമ ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലേട്ടി ആണ്. ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവന്നു.
സിനിമയുടെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചതായി നിർമാതാവ് എസ് എസ് കാർത്തികേയ അറിയിച്ചു. ഫഹദിനൊപ്പമുള്ള ചിത്രവും കാർത്തികേയ പങ്കുവെച്ചിട്ടുണ്ട്. 'ഫഹദ് ഫാസിൽ ഓരോ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാണാൻ രസമാണ്. താൻ അവതരിപ്പിക്കുന്ന ഓരോ വേഷത്തിലും അലിഞ്ഞു ചേരുന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം', എന്നാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കാർത്തികേയ കുറിച്ചത്. തെലുങ്ക് താരം ബാലകൃഷ്ണയുടെ ഡയലോഗാണ് ഡോണ്ട് ട്രബിൾ ദ ട്രബിൾ. ഇത് പിന്നീട് പലപ്പോഴും ട്രോളായും മറ്റും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഫസ്റ്റ്ലുക്കിൽ ഒരു പൊലീസ് വണ്ടിക്ക് മുകളില്‍ മാജിക് സ്റ്റിക്കുമായി നില്‍ക്കുന്ന ഒരു കുട്ടിയെയും ഫഹദിനെയും കാണാം.
ഓടും കുതിര ചാടും കുതിരയാണ് അവസാനമായി പുറത്തിറങ്ങിയ ഫഹദ് ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഒടിടി റിലീസിന് ശേഷം സിനിമ വലിയ ശ്രദ്ധ നേടുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.
Content Highlights: Fahadh Faasil starts new film with SS Rajamouli