ഉറക്കമില്ല, രാത്രി വൈകിയും പ്രൊജക്റ്റ്; ഒരു എട്ടാംക്‌ളാസുകാരന്റെ അവസ്ഥയാണിത്! ചർച്ചയായി പിതാവിന്റെ പോസ്റ്റ്

രാത്രി പന്ത്രണ്ട് മണിവരെയിരുന്ന് ഒരു എട്ടാം ക്‌ളാസുകാരൻ ചെയ്യാൻ തക്ക പ്രൊജക്റ്റ് എന്താണെന്നാണ് പലരും ചോദിക്കുന്നത്

ഉറക്കമില്ല, രാത്രി വൈകിയും പ്രൊജക്റ്റ്; ഒരു എട്ടാംക്‌ളാസുകാരന്റെ അവസ്ഥയാണിത്! ചർച്ചയായി പിതാവിന്റെ പോസ്റ്റ്
dot image

ഒരു എട്ടാം ക്‌ളാസുകാരനായ കുട്ടിക്ക് എത്രകണ്ട് ഹോംവർക്കോ പ്രൊജക്റ്റുകളോ നൽകാനാകും? മുതിർന്നവർക്ക് ഒരു വർക്ക് ലൈഫ് ബാലൻസ് എന്ന പോലെ കുട്ടികൾക്കും ഒരു സ്കൂൾ ലൈഫ് ബാലൻസ് വേണ്ടേ? പൂനെ സ്വദേശിയായ ഒരു പിതാവ് പറഞ്ഞ കാര്യങ്ങൾ കേട്ടാൽ നമ്മളിൽ ആരും ഇങ്ങനെ ചോദിച്ചുപോകും. രാത്രി വൈകിയും തന്റെ എട്ടാം ക്‌ളാസുകാരൻ മകൻ കുത്തിയിരുന്ന് പ്രൊജക്റ്റ് തീർക്കാൻ പാടുപെടുന്നത് കാണിച്ചുതരുന്ന പിതാവിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

നിതീൻ എസ് ധർമാവത് എന്നയാളാണ് തന്റെ മകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അക്കാദമിക് സമ്മർദ്ദത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. എട്ടാം ക്‌ളാസിലാണ് നിതീനിന്റെ മകൻ പഠിക്കുന്നത്. എന്നാൽ അവൻ രാത്രി പന്ത്രണ്ടരയോട് അടുത്തും പ്രൊജക്റ്റുകളും മറ്റുമായി തിരക്കിലാണ് എന്ന് നിതീൻ വീഡിയോയിൽ പറയുന്നത്.

സ്‌കൂളുകൾ യൂസ്‌ലെസ്സ് ആണെന്നും രാത്രി 12 മണി ആയിട്ടും ഒരു എട്ടാം ക്‌ളാസുകാരൻ ഒരു അനാവശ്യ പ്രൊജക്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നിതീൻ പറയുന്നു. പ്രശ്നം എന്താണെന്ന് വെച്ചാൽ ഈ പ്രൊജക്റ്റ് ചെയ്തുതീർത്തില്ലെങ്കിൽ ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡിൽ കുട്ടികളെ കളിക്കാൻ അനുവദിക്കില്ല. എല്ലാ ദിവസവും എന്റെ മകൻ 12 മുതൽ 12.30 വരെ പ്രൊജക്റ്റിലാണ്. ഒരു പിതാവ് എന്ന നിലയിൽ ആകെ നിസ്സഹായത അനുഭവിക്കുകയാണ് എന്നാണ് നിതീൻ വീഡിയോയിൽ പറയുന്നത്.

നിരവധി പേരാണ് വിഷയത്തിൽ അഭിപ്രായപ്രകടനവുമായി രംഗത്തെത്തുന്നത്. രാത്രി പന്ത്രണ്ട് മണി വരേയ്ക്കുമിരുന്ന് ഒരു എട്ടാം ക്‌ളാസുകാരൻ ചെയ്യാൻ തക്ക പ്രൊജക്റ്റ് എന്താണെന്നാണ് പലരും ചോദിക്കുന്നത്. ചിലർ പ്രൊജക്റ്റുകളെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. അവ ശക്തമായ ഒരു പഠനരീതിയാണെന്നും കുട്ടികളിൽ ഗവേഷണവും മറ്റ് കഴിവുകളും വർധിപ്പിക്കാൻ അവ സഹായിക്കുമെന്നുമാണ് ചിലർ പറയുന്നത്. എന്തുതന്നെയായാലും ഒരു അക്കാദമിക് ലൈഫ് ബാലൻസിനെപ്പറ്റി നിതീനിന്റെ പോസ്റ്റ് ഒരു ചർച്ചയ്ക്ക് തിരികൊളുത്തിയിട്ടുണ്ട്.

Content Highlights: father of class 8 student shares video on sons project at midnight

dot image
To advertise here,contact us
dot image