'ചക്കിയെക്കുറിച്ച് മോശം കമന്റുകൾ ഇടുന്നവരെ ഇടിക്കണമെന്ന് ഉണ്ട്...പക്ഷേ അത് പറ്റില്ലലോ'; കാളിദാസ് ജയറാം

സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും നെഗറ്റിവിറ്റിയും താൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് കാളിദാസ് മറുപടി നൽകിയത്.

'ചക്കിയെക്കുറിച്ച് മോശം കമന്റുകൾ ഇടുന്നവരെ ഇടിക്കണമെന്ന് ഉണ്ട്...പക്ഷേ അത് പറ്റില്ലലോ'; കാളിദാസ് ജയറാം
dot image

തന്റെ സഹോദരിയെ കുറിച്ച് മോശമായ കമന്റുകൾ കുറിച്ചവരെ ഇടിക്കണമെന്ന് തോന്നിയിരുന്നുവെന്ന് നടൻ കാളിദാസ്. ചക്കിയുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും ഇടിക്കണമെന്ന് തോന്നിയാലും അത് കഴിയില്ലെന്നും നടൻ പറഞ്ഞു. ഇനിയിപ്പോൾ താൻ അവരെ ഇടിച്ചാലും അടുത്ത തമ്പ്നെയിൽ കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും നെഗറ്റിവിറ്റിയും താൻ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് കാളിദാസ് മറുപടി നൽകിയത്. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്.

'ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യും മുമ്പെ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശം ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം ആ സിനിമ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ പടം റിലീസ് ചെയ്യുന്നതിന്റെ ഒന്നര മണിക്കൂർ മുമ്പൊക്കെ വരും. അതെങ്ങനെ വരുന്നുവെന്ന് എനിക്കറിയില്ല. നല്ല സിനിമയായിരിക്കും പക്ഷെ കമന്റുകൾ തല്ലിപ്പൊളി പടം എന്നൊക്കെയാവും', കാളിദാസ് പറഞ്ഞു.

'പലരും റിവ്യു കണ്ട് സിനിമയ്ക്ക് പോകാതെയാവും. എന്തും സോഷ്യൽ മീഡിയയിൽ പെട്ടന്ന് റീച്ചാവും. നെഗറ്റീവാണെങ്കിൽ അതിനെക്കാൾ സ്പീഡ് കൂടും. ഇതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുത് എന്ന് പറയാനുള്ള സാഹചര്യം പോലും നമുക്കില്ല. അവർ പറയുന്നതൊന്നും നമുക്ക് കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞാലും ചിലതൊക്കെ വേദനിപ്പിക്കും. എന്നെ അത് ബാധിക്കാറില്ല പക്ഷെ അത് കാരണം വേദനിച്ചവരെ എനിക്കറിയാം. ചക്കിയുടെ കാര്യത്തിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്കെന്ത് ചെയ്യാൻ സാധിക്കും. ഇടിക്കണം എന്ന് തോന്നിയാലും പറ്റില്ലല്ലോ. ഞാൻ അവരെ ഇടിച്ചാൽ എന്താവും, കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കും അടുത്ത തമ്പ്നെയിൽ ഇക്കാര്യത്തിൽ നിസ്സഹായരാണ് നമ്മൾ', കാളിദാസ് പറഞ്ഞു.

അതേസമയം, ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമ ആശകൾ ആയിരം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം.

Content Highlights: Kalidas Jayaram talks about social media and his sister issue

dot image
To advertise here,contact us
dot image