'തട്ടത്തിൻ മറയത്തെ വർഗീയത'; ഹിജാബ് വിവാദത്തിൽ ക്യാമ്പയിനുമായി സമസ്ത, നാളെ കോഴിക്കോട്ട് ചർച്ച

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽനിന്ന് കുട്ടിയെ മാറ്റുമെന്ന നിലപാടിൽ ഉറച്ച് കുടുംബം

'തട്ടത്തിൻ മറയത്തെ വർഗീയത'; ഹിജാബ് വിവാദത്തിൽ ക്യാമ്പയിനുമായി സമസ്ത, നാളെ കോഴിക്കോട്ട് ചർച്ച
dot image

എറണാകുളം: കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ ക്യാമ്പയിനുമായി സമസ്ത. സമസ്ത എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കോഴിക്കോട് ചർച്ച നടത്തും. 'തട്ടത്തിൻ മറയത്തെ വർഗീയത' എന്ന പേരിലാണ് ചർച്ച.

ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാടിനെ പ്രശംസിച്ച് മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് ക്യാമ്പയിനൊരുങ്ങുന്നത്. 'ഹിജാബ് സംരക്ഷണം' ചർച്ചയാക്കുമെന്ന് സംഘാടകർ പറഞ്ഞു. ഭരണഘടനയെയും മതേതരത്വത്തെയും ചേർത്തുപിടിച്ചുള്ള പ്രതികരണമാണ് വി ശിവൻകുട്ടി നടത്തിയതെന്നായിരുന്നു സമസ്ത അഭിപ്രായപ്പെട്ടത്.

ശിരോവസ്ത്രത്തെ പേടിസ്വപ്നമാക്കി ചിത്രീകരിക്കാനുള്ള ഹീനമായ ശ്രമമാണ് സ്കൂളിൽ നടന്നതെന്നും ശിരോവസ്ത്രത്തിനായി വാദിച്ചവരെ വർഗീയവാദികളാക്കിയെന്നും സമസ്ത അവരുടെ മുഖപത്രത്തിൽ വിമർശനമുന്നയിച്ചിരുന്നു. സ്‌കൂൾ മാന്വൽ ഭരണഘടനയ്ക്ക് മുകളിലാണെന്ന് വാദിക്കുന്നവർ വർഗീയവാദികളും രാജ്യവിരുദ്ധരുമാണ്. തട്ടമിട്ട് പെൺകുട്ടി സ്‌കൂളിലെത്തിയാൽ സഹപാഠികൾക്ക് പേടിയാവുമെന്ന് ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീയുടെ നിഷ്‌കളങ്ക ആഖ്യാനം ഒറ്റപ്പെട്ട പരാമർശമോ സംഭവമോ അല്ല. കേരളത്തിന്റെ മാറുന്ന സാമൂഹികമണ്ഡലത്തിൽ പറ്റിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയ വേതാളങ്ങളുടെ പ്രതിധ്വനിയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ശിരോവസ്ത്രമെന്നത് ഒരു പേടിസ്വപ്‌നമാക്കി ചിത്രീകരിക്കാൻ നടത്തിയ ഏറ്റവും ഹീനമായ വർഗീയ പ്രചാരണങ്ങളാണ് ഈ സംഭവം ജനശ്രദ്ധയിലെത്തിച്ചതെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.

സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്.

Content Highlight : Samastha launches campaign on Kochi's hijab controversy

dot image
To advertise here,contact us
dot image