
സിനിമകൾ പോലെ തന്നെ അക്ഷയ് കുമാറിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. പലപ്പോഴും ആരാധകർക്കൊപ്പം അദ്ദേഹം ചിത്രങ്ങൾക്കായി നിൽക്കുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മുംബൈ എയർപോർട്ടിൽ നിന്നുള്ള അക്ഷയ് കുമാറിന്റെ വീഡിയോ വൈറലാകുകയാണ്. നടനെ കണ്ടയുടൻ ഫോട്ടോ എടുക്കാനായി നിരവധി ആരാധകർ അക്ഷയ്‌യുടെ അടുത്തേക്ക് ഓടിവരുകയുണ്ടായി. ഫോട്ടോ എടുക്കവേ തോളിലേക്ക് കയ്യിട്ട ഒരു ആരാധകനോട് 'കൈ മാറ്റൂ' എന്ന് അക്ഷയ് പറയുന്ന വീഡിയോ ആണ് ചർച്ചയാകുന്നത്. ആരാധകൻ ഉടനെ തന്നെ തോളിൽ നിന്ന് കൈ മാറ്റുന്നതും നടനൊപ്പം ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് അക്ഷയ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.
അക്ഷയ് കുമാർ ചെയ്തത് ശരിയാണെന്നും അനുവാദമില്ലാതെ ഒരാളുടെ തോളിൽ കയ്യിടുന്നത് ശരിയല്ല എന്നാണ് പലരും കുറിക്കുന്നത്. ഇത് നടന്റെ അഹങ്കാരമാണെന്ന തരത്തിലും കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് തെറ്റില്ലെന്നും ആരായാലും അങ്ങനെ തന്നെ പ്രതികരിക്കുമെന്നും പലരും കുറിക്കുന്നുണ്ട്. അതേസമയം, പ്രിയദർശൻ ചിത്രമായ ഹൈവാനിലാണ് അക്ഷയ് കുമാർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രധാന കഥാപാത്രമായി സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. മുടി ട്രിം ചെയ്തു മീശ പിരിച്ച ലുക്കിലാണ് നടൻ സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം തന്നെ പല തരത്തിൽ അത്ഭുതപ്പെടുത്തിയെന്നും രൂപപ്പെടുത്തിയെന്നും അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്.
Content Highlights: Irritated Akshay Kumar scolds fans for keeping hand on his shoulder