
കൊച്ചി: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുലർച്ചെ 3 മണിക്ക് എത്തിച്ച മൃതദേഹങ്ങൾ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എറ്റുവാങ്ങി. ജമ്മുവിൽ നിന്നും മുംബൈ മാർഗ്ഗമാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന 6 പേരും വിമാന മാർഗ്ഗം നാട്ടിലെത്തി. കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ ആംബുലൻസ് മാർഗമാണ് ചിറ്റൂരിലെത്തിച്ചത്. ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര് ടെക്നിക്കല് സ്കൂളില് മൃതദേഹങ്ങള് രാവിലെ 8.30വരെ പൊതുദര്ശനത്തിന് വെയ്ക്കും. സംസ്കാരം രാവിലെ പത്തുമണിക്ക് ചിറ്റൂര് മന്തക്കാട് പൊതു ശ്മശാനത്തില് നടക്കും.
സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം വേഗത്തിലാക്കി മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കാനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത് ഡല്ഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിൻ്റെ നേതൃത്വത്തിലായിരുന്നു. ഇതിനിടെ കശ്മീരിൽ വാഹനപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികൾക്കുള്ള ധനസഹായം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുള്ള മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും കൃഷ്ണൻകുട്ടി അറിയിച്ചു.
വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവർക്ക് പുറമെ ശ്രീനഗർ സ്വദേശിയായ ഡ്രൈവർ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരുക്ക്. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു.