Top

ആദ്യം നിലവിലുള്ള വോട്ട് ബാങ്ക് ഉറപ്പിക്കുക, പിന്നീട് ബാക്കി; ഭാരത് ജോഡോ യാത്രയുടെ റൂട്ടിന് പിന്നിലെ കോണ്‍ഗ്രസ് തന്ത്രം

11 Sep 2022 10:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യം നിലവിലുള്ള വോട്ട് ബാങ്ക് ഉറപ്പിക്കുക, പിന്നീട് ബാക്കി; ഭാരത് ജോഡോ യാത്രയുടെ റൂട്ടിന് പിന്നിലെ കോണ്‍ഗ്രസ് തന്ത്രം
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ചു. നൂറോളം സ്ഥിരം യാത്രികരുള്ള യാത്ര കേരളത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പുനരുജ്ജീവനവും ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച യാത്രയുടെ ലക്ഷ്യം സാധ്യമാവുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കി എന്താണിങ്ങനെ പദയാത്രയുടെ റൂട്ട് എന്നതാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ചോദ്യം. അതിന് കൃത്യമായ ഉത്തരമുണ്ടെന്നാണ് കോണ്‍ഗ്രസിനുള്ളിലെ തന്ത്രജ്ഞര്‍ പറയുന്നത്.

നിലവിലുള്ള വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. അത് കൊണ്ടാണ് ഇങ്ങനെയാരു റൂട്ട് എന്നാണ് അവരുടെ മറുപടി. ഇപ്പോള്‍ യാത്ര കടന്നുപോവുന്ന സംസ്ഥാനങ്ങളില്‍ നിക്ഷ്പക്ഷ വോട്ടുകളും കോണ്‍ഗ്രസിന് ലഭിക്കാവുന്ന സാധ്യത കൂടുതലാണെന്നും അവര്‍ പറയുന്നു.

60 ലോക്‌സഭ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോവുന്നത്. തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതികരണം യാത്രക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന് ആകെയുള്ള 53 എംപിമാരില്‍ 24 സീറ്റുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ദിവസമെടുത്താണ് യാത്ര നടക്കുന്നത്. അതോടൊപ്പം പ്രധാന പ്രതിപക്ഷമായി നിലകൊള്ളുന്ന മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും കൂടുതല്‍ ദിവസമെടുത്താണ് യാത്ര സഞ്ചരിക്കുക.

ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോവുന്നത്. ഇതില്‍ ആറ് സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നതാണ്. അതേ സമയം ബിജെപി ഭരിക്കുകയും രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ വളരെ കുറഞ്ഞ സമയമാണ് യാത്ര നടക്കുക. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും യാത്രയെത്തുന്നില്ല.

Story Highlights: the strategists within the Congress say that they're trying to consolidate their existing voter base

Next Story