ഗെഹ്ലോട്ടിനെ വിളിച്ച് കെ സി വേണുഗോപാല്‍; കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ അല്ലെന്ന് ഗെഹ്ലോട്ട്
പ്രതിസന്ധിയെ തുടര്‍ന്ന് നിയമസഭാ കക്ഷി യോഗം റദ്ദാക്കിയിരുന്നു
25 Sep 2022 6:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജസ്ഥാന്: രാജസ്ഥാനില്‍ പ്രതിസന്ധി തുടരവെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എന്നാല്‍ കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ അല്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം. പ്രതിസന്ധിയെ തുടര്‍ന്ന് നിയമസഭാ കക്ഷി യോഗം റദ്ദാക്കിയിരുന്നു.
സച്ചിന് പൈലറ്റിനേയും അശോക് ഗെലോട്ടിനേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്ന്് ഗെഹ്ലോട്ട് പക്ഷത്തെ 83 എംഎല്‍എമാര്‍ ഭീഷണി മുഴക്കിയിരുന്നു.
വിഷയത്തില്‍ സോണിയ ഗാന്ധി ഇടപെടുന്നു എന്നാണ് റിപ്പോര്‍ട്ട്. എംഎല്‍മാരോട് സംസാരിക്കാന്‍ നിരീക്ഷകരെ ചുമതലപ്പെടുത്തി. തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള പ്രമേയം പാസാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഗെഹ്ലോട്ട് പക്ഷ എംഎല്‍എമാരില്‍ 16 മന്ത്രിമാരടക്കം ഉണ്ട്. ഗെഹ്ലോട്ട് പക്ഷ എംഎല്‍എമാര്‍ എല്ലാവരും തര്‍ക്കമുണ്ടാക്കാനുള്ള താല്പര്യത്തോടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് സ്വതന്ത്ര എംഎല്‍എ സന്യാം ലോഥ പറഞ്ഞു. സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയായി വരുന്ന ഒരവസ്ഥയുണ്ടായാല്‍ ഈ എംഎല്‍എമാര്‍ ഒരുമിച്ച് രാജിവച്ചേക്കും. ഒറ്റവരിയിലുള്ള രാജിക്കത്ത് ഇപ്പോള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 100 എംഎല്‍എമാരാണുള്ളത്. 13 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയിലാണ് ഭരണം നിലനില്‍ക്കുന്നത്. ഇതില്‍ 12 പേരും ഗെഹ്ലോട്ട് പക്ഷത്താണ്.
Story highlights: KC Venugopal called Ashok Gehlot