Top

സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും

27 Aug 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ഇന്ന് സ്ഥാനമേൽക്കും
X

ന്യൂഡൽഹി: ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ഇന്ന് സ്ഥാനമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു ഉദയ് ഉമേഷ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എൻ വി രമണ വിരമിച്ചതോടെയാണ് ലളിത് ജുഡീഷ്യറി തലവനായി നിയമിതനാകുന്നത്.

സുപ്രീം കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യവെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതേസമയം ജസ്റ്റിസ് ലളിതിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും.

സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിലെ അഭിഭാഷകൻ കൂടിയായിരുന്നു ലളിത്. 2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ലളിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിതയായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിൻറെ ബഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ്.

16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷമാണ് ഇന്നലെ എൻ വി രമണ സ്ഥാനമൊഴിഞ്ഞത്. 2021 ഏപ്രിൽ 24 ന് എസ് എ ബോബ്‌ഡെയിൽ നിന്നാണ് രമണ സ്ഥാനമേറ്റത്. 2014ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതിന് മുൻപ് 2ജി കേസിന്റെ വിചാരണയിൽ സിബിഐ സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യുട്ടറായി ഹാജരായിരുന്നു.

STORY HIGHLIGHTS: Justice UU Lalit will be sworn in as the 49th Chief Justice of Supreme Court today

Next Story