
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്റെ മുന്നില്‍ ഇതുവരെ അപേക്ഷകള്‍ ഒന്നും വന്നിട്ടില്ല. ദേശീയ നേതൃത്വത്തിന് മുന്നില്‍ വന്നോ എന്ന് അറിയില്ല. വികസിത കേരളത്തോടൊപ്പം നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തും. ബിജെപിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ചുനാളുകളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന നിലപാടായിരുന്നു ശശി തരൂര്‍ സ്വീകരിച്ചുവരുന്നത്. അടുത്തിടെ 'ദി ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ മോദിയെ പ്രശംസിച്ചിരുന്നു. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് രാജ്യം ഒന്നാമതും പാര്‍ട്ടി അതിന് ശേഷവും എന്നനിലപാടാണ് ഉള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് മോദിയാണ് ഒന്നാമത്, രാജ്യം അതിന് ശേഷം എന്ന നിലപാടാണുള്ളതെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. തൊട്ടുപിന്നാലെ ഖര്‍ഗെയുടെ പരാമര്‍ശത്തിന് പ്രതീകാത്മക മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. പറക്കാന്‍ അനുമതി ചോദിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഇത് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ താനാണെന്ന് വ്യക്തമാക്കുന്ന സർവേ ഫലം പങ്കുവെച്ചാണ് തരൂർ വാർത്തകളിൽ നിറഞ്ഞത്. തരൂരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കി.
ഏറ്റവും ഒടുവില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ തരൂരിന്റെ കുറിപ്പാണ് വിവാദത്തിന് വഴിവെച്ചത്. അടിയന്തരാവസ്ഥയുടെ നീണ്ട 21 മാസങ്ങള്‍ രാജ്യത്ത് എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടതായി തരൂര്‍ പറഞ്ഞിരുന്നു. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഇന്ന് കൂടുതല്‍ ജനാധിപത്യമൂല്യങ്ങളുള്ള ഇന്ത്യയെയാണ് കാണാന്‍ കഴിയുകയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. 'പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ്' എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. തരൂര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും വ്യാപകമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.
Content Highlights- Rajeev Chandrasekhar reaction on chances of Shashi Tharoors entry in BJP