Top

25 മെഗാ റാലികള്‍, ഉന്നത നേതാക്കളെത്തും; ഗുജറാത്തില്‍ 'നെക്സ്റ്റ് ലെവല്‍' പ്രചരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

13 Nov 2022 11:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

25 മെഗാ റാലികള്‍, ഉന്നത നേതാക്കളെത്തും; ഗുജറാത്തില്‍ നെക്സ്റ്റ് ലെവല്‍ പ്രചരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ് കഴിഞ്ഞതോടെ ശ്രദ്ധ മുഴുവന്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മാറ്റി കോണ്‍ഗ്രസ്. അടുത്ത 15 ദിവസം ശക്തമായ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. 25 മെഗാറാലികളും 125 മണ്ഡലം റാലികളും നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നാണ് വിവരം.

മുതിര്‍ന്ന നേതാക്കളെ ഒരുമിച്ച് പ്രചരണത്തിനിറക്കി വലിയ ഓളം ഉണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. സോണിയാ ഗാന്ധി തന്നെ പങ്കെടുക്കുന്ന വലിയ യോഗത്തെ കുറിച്ച് സംസ്ഥാന നേതാക്കള്‍ ആലോചിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയുമായി പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രചരണത്തിനുള്ള സാധ്യതയേറെയാണ്. രാഹുല്‍ ഗാന്ധി പ്രചരണത്തിനായി ഹിമാചല്‍ പ്രദേശിലെത്തിയിരുന്നില്ല. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ഭാഗെല്‍, പ്രിയങ്ക ഗാന്ധി, മുന്‍ മുഖ്യമന്ത്രിമാര്‍, പിന്നോക്ക-ദളിത്-ആദിവാസി നേതാക്കള്‍ എന്നിവരെല്ലാം സംസ്ഥാനത്തെ വിവിധ റാലികളില്‍ പങ്കെടുക്കും.

'പ്രചാരണത്തെ കുറിച്ച് വിശദമായ പദ്ധതി തന്നെ ഉണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്നെ വ്യത്യസ്തമാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അത് അവസാന ഘട്ടത്തിലെ ശക്തമായ പ്രചരണമാണ്', ഒരു സംസ്ഥാന നേതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

2017 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണം നയിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു അന്ന് നടന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തിയിരുന്നു.

ബൂത്ത് തല പ്രവര്‍ത്തനങ്ങളിലായിരുന്നു ഇത്തവണ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫെബ്രുവരിയില്‍ നടന്ന സംസ്ഥാന ചിന്തന്‍ ശിവിറോടെ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 'നിശബ്ദ പ്രചരണം' എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആദ്യ ഘട്ടം മുതലേ സ്വീകരിച്ചത്.

'ബൂത്തുകള്‍ കേന്ദ്രീകരിച്ചതും വീടുകള്‍ തോറും കയറിയിറങ്ങുന്നതുമായ ഒരു പ്രചരണരീതിയാണ് കോണ്‍ഗ്രസ് ഇത്തവണ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും അമ്പരപ്പിക്കും. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപിയും ആംആദ്മിയും ഉണ്ടാക്കിയെടുത്ത ഊതിപ്പെരുപ്പിച്ച അന്തരീക്ഷത്തെ ഞങ്ങള്‍ തകര്‍ക്കുകയും 125 സീറ്റിലധികം ഞങ്ങള്‍ നേടുകയും ചെയ്യും.', സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് രഘു ശര്‍മ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Story Highlights: Congress has planned around 25 public meetings and around 125 constituency-wise rallies in Gujarat

Next Story