Top

എന്തിനാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ 19 ദിവസമെന്ന് സിപിഐഎം; ഗുജറാത്തില്‍ പോവാന്‍ തെരഞ്ഞെടുപ്പ് പ്രചരണമല്ലെന്ന് കോണ്‍ഗ്രസ് മറുപടി

രണ്ടാഴ്ചയിലേറെ കേരളത്തിൽ സമയം ചെലവഴിക്കുന്നതിന് പകരം ഉത്തർപ്രദേശിലോ ഗുജറാത്തിലോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രീകരിക്കണമായിരുന്നുവെന്ന് ഭരണകക്ഷിയായ സിപിഐഎമ്മിലെ അം​ഗങ്ങൾ പറയുന്നു

12 Sep 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തിനാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ 19 ദിവസമെന്ന് സിപിഐഎം; ഗുജറാത്തില്‍ പോവാന്‍ തെരഞ്ഞെടുപ്പ് പ്രചരണമല്ലെന്ന് കോണ്‍ഗ്രസ് മറുപടി
X

തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തെ വിമർശിച്ച് സിപിഐഎം നേതാക്കളും പ്രവർത്തകരും. രണ്ടാഴ്ചയിലേറെ കേരളത്തിൽ സമയം ചെലവഴിക്കുന്നതിന് പകരം ഉത്തർപ്രദേശിലോ ഗുജറാത്തിലോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രീകരിക്കണമായിരുന്നുവെന്ന് ഭരണകക്ഷിയായ സിപിഐഎമ്മിലെ അം​ഗങ്ങൾ പറയുന്നു. എന്നാൽ അനുയായികളിൽ നിന്നും പാർട്ടി നേതാക്കളിൽ നിന്നും ഉജ്ജ്വല സ്വീകരണം ലഭിച്ച ഭാരത് ജോഡോ യാത്ര മുന്നേറുകയാണ്.

പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. ശേഷം സെപ്റ്റംബർ 30 ന് കർണാടകത്തിൽ പ്രവേശിക്കും. കോൺഗ്രസ് അവകാശപ്പെടുന്നത് പോലെ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ പോരാടാൻ ദൃഢനിശ്ചയമുണ്ടെങ്കിൽ യാത്ര ഉത്തർപ്രദേശിലൂടെയോ ഗുജറാത്തിലൂടെയോ കൂടുതൽ കാലം സഞ്ചരിക്കണമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ഒരു സിപിഐഎം നേതാവ് പറഞ്ഞു.

യാത്രയുടെ ഷെഡ്യൂൾ അനുസരിച്ച് രണ്ട് ദിവസം രാഹുൽ ഉത്തർപ്രദേശിലുണ്ടാകും. അതേസമയം ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലുടെയും ഹിമാചൽ പ്രദേശിലുടെയും യാത്ര കടന്നു പോകില്ല.

"ഇത് ഗുജറാത്തിലോ ഹിമാചലിലോ സഞ്ചരിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണമല്ല. വടക്ക് മുതൽ തെക്ക് വരെ ജാതി, വർഗ, മത ഭേദമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ഇത് ബിജെപിയുടെ ഭിന്നിപ്പിക്കുന്ന നയങ്ങൾക്ക് എതിരാണ് "വിമർശനത്തിന് മറുപടിയായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി പറഞ്ഞു.

എന്നിരുന്നാലും തങ്ങളുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി 2024 ൽ 19 ലോക്‌സഭാ സീറ്റുകൾ നിലനിർത്താൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐഎം നേതാവ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ബിജെപിക്കെതിരെയോ അവരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയോ പോരാടുന്നതല്ല യാത്ര. യഥാർത്ഥ പരീക്ഷണം നടക്കുന്നത് ഉത്തരേന്ത്യയിലാണ് കോൺഗ്രസ് അത് നേരിടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ലോക്‌സഭയിലെ കോൺഗ്രസിന്റെ 53 സീറ്റുകളിൽ 24 എണ്ണവും തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 19 സീറ്റും കോൺഗ്രസിന് ലഭിച്ചു. കേരളത്തിൽ ബിജെപിക്ക് സീറ്റൊന്നും ഇല്ലെങ്കിലും വിഭജന രാഷ്ട്രീയത്തിനെതിരായ വിശാലമായ ലക്ഷ്യമാണ് പാർട്ടിക്കുള്ളതെന്നും ആരോപണങ്ങൾക്ക് മറുപടിയായി മൊയ്‌ലി പറഞ്ഞു. സെപ്തംബർ ഏഴിന് ആരംഭിച്ച പര്യടനം കന്യാകുമാരി മുതൽ കാശ്മീർ വരെ 12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ പിന്നിടും. രാജ്യം മുഴുവൻ പര്യടനം നടത്തണമെങ്കിൽ ഒരു വർഷം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഒരു പാസ്റ്ററുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലിയുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിക്കവെ, ബിജെപി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Bharat Jodo Yatra plan triggers row as Kerala chosen over Gujarat UP

Next Story