മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപൂരില് നാല് വയസുകാരിയായ രണ്ട് പെണ്കുട്ടികള് സ്കൂള് ജീവനക്കാരനില് നിന്നും ബലാത്സംഗത്തിനിരയായ സംഭവത്തില് പ്രതിഷേധം ശക്തം. നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്ട്ടി (എന്സിപി), ശിവസേന (യുബിടി), കോണ്ഗ്രസ് എന്നീ പാര്ട്ടികള് അടങ്ങിയ മഹാ വികാസ് അഘാടി (എംവിഎ) പ്രഖ്യാപിച്ച ബന്ദ് ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിഷേധവുമായി രാഷ്ട്രീയ പാര്ട്ടികള് രംഗത്ത് വന്നിരിക്കുന്നത്. കൈകളിലും നെറ്റിയിലും കറുത്ത തുണികള് കെട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ദദാറിലെ ശിവസേന ഭവന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില് ശിവസേന (യുബിടി) അധ്യക്ഷന് ഉദ്ധവ് താക്കറെ പങ്കെടുത്തു. കേസിലെ പ്രതിക്ക് ഏക്നാഥ് ഷിന്ഡെ സര്ക്കാര് പിന്തുണ നല്കുന്നുണ്ടെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു. 'ഞങ്ങള് ബന്ദ് സംഘടിപ്പിക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യുമായിരുന്നു. അത് ഭയന്ന സര്ക്കാര് അവരുടെ ആളുകളെ കോടതിയിലേക്ക് അയച്ചു. പെണ്മക്കളുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങള് ബന്ദ് സംഘടിപ്പിക്കാന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് മഹാരാഷ്ട്രയില് ബന്ദിനെതിരെ പ്രതിഷേധമുയരുന്നത്?' അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയില് ഇതുവരെ ഇത്തരത്തിലുള്ള നാണംകെട്ട സര്ക്കാരിനെ കണ്ടിട്ടില്ലെന്നും താക്കറെ കൂട്ടിച്ചേര്ത്തു. സ്ത്രീകള്ക്കെതിരെയുള്ള അക്രമങ്ങള് വര്ധിക്കുമ്പോള് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാഖി കെട്ടേണ്ട തിരക്കിലാണെന്നും അദ്ദേഹം വിമര്ശിച്ചു. സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരെയുള്ള അക്രമങ്ങള് മഹാരാഷ്ട്രയില് കൂടുന്നുവെന്നും പത്ത് ദിവസത്തിനുള്ളില് 12 സംഭവങ്ങള് ഉണ്ടായെന്നും ശിവസേന-യുബിടി രാജ്യസഭാ എംപി പ്രിയങ്ക ഛതുര്വേദി പറഞ്ഞു. 'താണേയില് ഓരോ ദിവസവും പോക്സോ നിയമത്തിന് കീഴിലുള്ള കേസുകള് റിപ്പോര്ട്ട് ചെയ്യുന്നു. അതിനെതിരെയാണ് ഞങ്ങള് പ്രതിഷേധിക്കുന്നത്. ഉത്തര്പ്രദേശിന് ശേഷം ഹീനമായ പ്രവര്ത്തനങ്ങള് നടക്കുന്നത് മഹാരാഷ്ട്രയിലാണ്,' അവര് വ്യക്തമാക്കി.
ബന്ദിനുള്ള തങ്ങളുടെ അവകാശം ഭരണഘടനാപരമാണെന്നും അക്രമങ്ങള്ക്കെതിരെ പ്രതിഷേധങ്ങള്ക്കെതിരെ ശബ്ദമുയര്ത്താനുള്ള അവകാശം പൗരന്മാര്ക്കുണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തും ആരോപിച്ചു. 'ഞങ്ങളുടെ ബന്ദ് ഭരണഘടനാപരമല്ലെന്ന കോടതിയുടെ പരാമര്ശം വിചിത്രമാണ്. എന്നാല് ഈ സംസ്ഥാനത്തെ ഭരണഘടനാവിരുദ്ധമായ സര്ക്കാരിനെതിരെ ഒരു വിധിയും പുറപ്പെടുവിക്കുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്ത്തു.
കോണ്ഗ്രസ് നേതാവ് നാനാ പട്ടോളും എന്സിപി-എസ്പി നേതാവ് ജയന്ത് പട്ടീലും പാര്ട്ടീ പ്രവര്ത്തകരോടൊപ്പം പ്രതിഷേധത്തില് പങ്കെടുത്തു. 'കോടതിയുടെ തീരുമാനത്തെ ഞങ്ങള് ബഹുമാനിക്കുന്നു. ഞങ്ങള് ബന്ദ് പിന്വലിക്കുന്നു. സ്ത്രീകള്ക്കെതിരെയുള്ള അക്രമങ്ങള് ദിനംപ്രതി വര്ധിക്കുകയാണ്. ക്രമസമാധാന നില തകരാറിലാകുന്നു. ഇത്തരം സംഭവങ്ങളില് സര്ക്കാര് ശ്രദ്ധ ചെലുത്തുന്നില്ല. അതുകൊണ്ട് തന്നെ ഇതിനെതിരെ ശബ്ദമുയര്ത്തേണ്ടത് സര്ക്കാരിന്റെ ചുമതലയാണ്,' കോണ്ഗ്രസ് നേതാവ് വിജയ് വഡേറ്റിവാര് പറയുന്നു.
അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില് ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. ഛത്രപതി സാംഭാജി നഗറില് കേസിലെ വേഗത്തിലുള്ള വിചാരണ ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. സ്കൂളിലെ ശുചിമുറിയില് വെച്ച് ഓഗസ്റ്റ് 17നാണ് പ്രതി അക്ഷയ് ഷിന്ഡെ നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്വകാര്യഭാഗങ്ങളില് വേദനയനുഭവപ്പെടുന്നുവെന്ന് പെണ്കുട്ടികളില് ഒരാള് അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നാലെ നടത്തിയ പരിശോധനയില് ലൈംഗിക പീഡനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് മറ്റൊരു കുട്ടിയെ കൂടി പ്രതി ചൂഷണത്തിന് ഇരയാക്കിയതായി അറിഞ്ഞത്.